ആശുപത്രിയിൽ സ്വര്‍ണ്ണമാല മോഷണം; പ്രതി പിടിയിൽ

ഓച്ചിറ:
ആശുപത്രിയിൽ വച്ച് മൂന്ന് വയസുകാരന്‍റെ കഴുത്തിൽ കിടന്ന സ്വര്‍ണ്ണ മാല കവര്‍ന്ന പ്രതി പോലീസ് പിടിയിലായി. കുന്നംകുളം, പഴുതന, മാങ്കേടത്ത്
ബഷീര്‍ മകന്‍ ഷബീര്‍(34) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ പന്മന, നടുവത്തുചേരി ബയ്ദു ഹമ്ദ വീട്ടിൽ ഷമീര്‍-സജിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍റെ കഴുത്തിൽ കിടന്ന 1 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് പ്രതി മോഷണം ചെയ്തെടുത്തത്. മാതാവ് സജിനിക്കൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസുകാരന്‍. സജിനി ഡോക്ടറെ കാണാന്‍ കാത്ത് നിന്ന സമയം തന്ത്രപൂര്‍വ്വം പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. വീട്ടിൽ എത്തി മാല പരിശോധിച്ചപ്പോള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും അശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിയാനായത്. തുടര്‍ന്ന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, മുന്തിരി സ്വാമിനാഥന്‍, എ.എസ്.ഐ മാരായ ഇബ്രാഹിംകുട്ടി, അഷറഫ്, സിപിഓ  രാഹുൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.