അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ചോദിച്ച് മാതാപിതാക്കൾ

തിരുവനന്തപുരം∙ മൂന്നു മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സമൂഹത്തിന്റെ വിചാരണ ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവാഹത്തിനു മുൻപ് ഗർഭം ധരിച്ചതു വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിക്കുമെന്ന പേടി കൊണ്ടാണു പ്രസവം രഹസ്യമാക്കി വയ്ക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.

വിവാഹം നടക്കുമ്പോൾ യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്തു വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17 ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. അതിനു ശേഷം കടുത്ത വൈകാരിക സമ്മർദം അനുഭവിച്ച ദമ്പതികൾ ഒടുവിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈ 17 ന് ഒരു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചിട്ടുണ്ടെന്നും ഡിഎൻഎ പരിശോധന നടത്തുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അറിയിച്ചു.