തലശ്ശേരി: കണ്ണൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ തലശേരിയിലാണ് സംഭവം.
കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആറാംമൈലിലെ എം.എ. മന്‍സിലില്‍ മശൂദിന്റെ വീട്ടിലാണ് സംഭവം. മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി പൂര്‍ണമായും കത്തിനശിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകന്‍ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചൂടുകാരണം മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കൂത്തുപറമ്പില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുറിയിലെ ഫര്‍ണിച്ചറുകള്‍ മുഴുവനായി കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞു പോയി. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാത്തതിനാല്‍ ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നതെന്ന് അറിയിച്ചു.
രാത്രിയിലാണ് അപകടമെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിര്‍മിത ചാര്‍ജറുകള്‍ ഒഴിവാക്കണമെന്നും ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജര്‍ പ്ലഗില്‍ നിന്ന് ഊരിവെക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ മുന്നറിയിപ്പായി പറയുന്നു.