പാറശ്ശാല ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഇഞ്ചിവിള ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ പരിമിതിയെ അതിജീവിച്ച് ജീവിതവിജയം നേടിയ പാറശ്ശാല ഗവ. വി.എച്ച്.എസ്.എസി ലെ അധ്യാപകന്‍ സൈമണ്‍, മണ്‍വീണ എന്ന കവിത സമാഹാരത്തിന്റെ രചയിതാവ് കുളത്തൂര്‍ ഗവ. വി.എച്ച്. എസ്. എസി ലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫിയ എന്നിവരെ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ച മുന്‍നിര്‍ത്തി, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാറശ്ശാല ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍തല ചിത്രരചനാ മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം, ഭിന്നശേഷിസൗഹൃദ അസംബ്ലി, വിളംബര ജാഥ, കുട്ടികളുടെ കലാ മത്സരങ്ങള്‍, രക്ഷകര്‍ത്താക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് തുടങ്ങി നിരവധി പരിപാടികളാണ് നടത്തുന്നത്.