സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാൾസ് ശോഭരാജിന് എന്നുമുണ്ടായിരുന്നു. കൊടുംകുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞശേഷവും ജയിലിൽക്കിടന്ന ചാൾസ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമുകിമാരെ ചേർത്തുപിടിച്ചു. ‘ബിക്കിനി കില്ലർ’ എന്ന് ചാൾസിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെയാണ്. 1960 കളുടെ ഒടുവിൽ ഹിപ്പിസംസ്കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാൾസ് കൊലപാതക പരമ്പര തുടങ്ങുന്നത്. ഇന്ത്യയിലെത്തുന്നതിനു മുൻപ് തായ്‍ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയായിരുന്നു ആദ്യ താവളം. സൗഹൃദത്തിൽ തുടങ്ങി ലഹരി നൽകി അടുപ്പം സ്ഥാപിച്ച സുമുഖനായ ഫ്രഞ്ച് യുവാവ്.
1970 കളുടെ തുടക്കം. അക്കാലത്തു പട്ടായ തീരത്തു വിദേശികൾ തുടർച്ചയായി കൊല്ലപ്പെടുന്നു. അവരുടെ ഹോട്ടൽ മുറി പരിശോധിച്ച പൊലീസ് ഒരു സമാനത കണ്ടെത്തി. എല്ലാവരുടെയും പക്കലുണ്ടായിരുന്ന വിദേശ കറൻസികളും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ തിരിച്ചറിഞ്ഞു: സ്റ്റെഫാനി ഷാൽമേൻ കാരു. 21 വയസ്സ്. ആഴ്ചകൾക്കു മുൻപു തായ്‌ലൻഡിൽ കാണാതായ ജൂത കാമുകനെ അന്വേഷിച്ച് ഇറങ്ങിയതാണു സ്റ്റെഫാനിയെന്ന ഫ്രഞ്ചു പെൺകുട്ടി. വിറ്റാലി ഹക്കിം എന്ന ആ ജൂത യുവാവു കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു സ്റ്റെഫാനിയുടെ മരണവും.കൊലയാളിയെ കണ്ടെത്താൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. കേസ് പഠിച്ച ഇന്റർപോൾ ഇൻസ്പെക്ടർ ജോൺ ഇംഹോഫ് മരിച്ച 2 യുവതികളുടെ ചിത്രങ്ങളിൽ അപൂർവ്വമായ ഒരു കാര്യം ശ്രദ്ധിച്ചു: സ്റ്റെഫാനിയുടെ മാറിടത്തിന്റെ ഭാഗത്തു വൃത്താകൃതിയിൽ ഒരു ഒറ്റരൂപാ വലുപ്പത്തിൽ തുണി വെട്ടിമാറ്റിയിരുന്നു. മാസങ്ങൾക്കു മുൻപ് ചൂണ്ടയിൽ കുരുങ്ങിയ നിലയിൽ ബിക്കിനി ധരിച്ച മറ്റൊരു യുവതിയുടെ മൃതദേഹം പൊലീസിനു കിട്ടിയിരുന്നു– തെരേസ നോൾട്ടൺ എന്ന അമേരിക്കക്കാരി. അവിടെയും വൃത്താകൃതിയിൽ ഒറ്റരൂപാ വലുപ്പത്തിൽ തുണി വെട്ടി മാറ്റിയിരുന്നു.
രണ്ടു മരണങ്ങൾക്കു പിന്നിലും മനോവൈകൃതമുള്ള ഒരു കൊലയാളിയുടെ മുഖം ഇന്റർപോൾ കണ്ടെത്തി. ഇതേകാലത്ത് തായ്‌ലൻഡിലും നേപ്പാളിലും വിദേശികളായ 12 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും പാസ്പോർട്ടും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആൾമാറാട്ടം നടത്തി ലോകമാകെ സഞ്ചരിക്കുന്ന കൊലയാളിയിലേക്ക് അന്വേഷണം നീണ്ടു. കുപ്രസിദ്ധനായ ആ രാജ്യാന്തര കൊലയാളിയെ ഒടുവിൽ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസാണ്; ഹത്ചന്ദ് ബാനോനി ഗുരുമുഖ് ചാൾസ് ശോഭരാജ് ആയിരുന്നു അത്.മുപ്പതിലേറെ കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പലതും തെളിവില്ലാത്തതിനാൽ കേസ് എങ്ങുമെത്താതെ പോയി. ഇന്നത്തെപ്പോലെ ആധുനികമായ വാർത്താവിനിമയ സംവിധാനങ്ങളില്ലാത്തകാലത്താണ് ശോഭരാജ് തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. നാട്ടിലേയ്ക്ക് പലപ്പോഴും ബന്ധപ്പെടാതെ ദീർഘമായ യാത്രയിലുള്ള സഞ്ചാരികളാണ് ആ വലയിൽ കുരുങ്ങിയത്.
ഡൽഹിയിലെ തിഹാർ ജയിലിൽ ശോഭരാജ് മറ്റൊരു സാമ്രാജ്യം സൃഷ്ടിച്ചു. പോക്കറ്റിൽ കരുതിയ ടേപ്പ് റെക്കോർഡറിലൂടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ജയിൽ ജീവനക്കാരെ ശോഭരാജ് ബ്ലാക്ക്മെയിൽ ചെയ്തു. ജയിൽ വളപ്പിൽ സ്യൂട്ടും കോട്ടുമിട്ടു സിഗരറ്റ് വലിച്ചു നടന്ന ശോഭരാജിനെക്കുറിച്ച് പിൽക്കാലത്ത് അന്നത്തെ സൂപ്രണ്ടായിരുന്ന സുനിൽ ഗുപ്ത എഴുതിയിട്ടുണ്ട്. ജയിലിൽ ജോലിക്കെത്തിയ ആദ്യ കാഴ്ചയിൽ ഏതോ വിഐപി സന്ദർശനത്തിനെത്തിയതാണെന്നാണ് സൂപ്രണ്ട് കരുതിയത്. പണം വേണ്ടവർക്ക് യഥേഷ്ടം നൽകി.ഭരണഘടനയെയും ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും കുറിച്ചുള്ള പുസ്തകങ്ങളും സിഡ്നിഷെൽഡന്റെ ഫിക‍്ഷനുകളും വായിച്ചു തള്ളി. ആരേയും വാചകമടിയിൽ വീഴ്ത്തുന്ന ശോഭരാജ് ജയിലിൽ സഹതടവുകാർക്ക് നിയമോപദേശം നൽകി. കാന്റീൻ നടത്തിപ്പ് കൈക്കലാക്കി സ്കോച്ചും ബീയറും വരുത്തി കുടിച്ചു. 1986 ൽ തടവുകാർക്ക് മയക്കുമരുന്നു നൽകി ജയിൽ ചാടിയെങ്കിലും അതു പാളി. വൈകാതെ ഗോവയിൽ പിടിയിലായി. എങ്കിലും രണ്ടു പതിറ്റാണ്ടോളം തിഹാറായിരുന്നു ശോഭരാജിന്റെ വീട്. ചെയ്ത തെറ്റുകളെക്കുറിച്ച് ഒരിക്കലും പശ്ചാത്തപിച്ചിരുന്നില്ല ശോഭരാജ്.
ജയിൽ മോചനത്തിനുശേഷം ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തപ്പെട്ടത് ദുരൂഹമാണ്. അവിടെ യാക് ആൻഡ് യെതി എന്ന ചൂതാട്ട കേന്ദ്രത്തിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത് . നേപ്പാളിൽ 1975 ൽ 2 അമേരിക്കൻ– കനേഡിയൻ വനിതകളെ കൊന്ന് മൃതദേഹങ്ങൾ കത്തിച്ച കേസിലാണ് അറസ്‌റ്റിലായത്. ശോഭരാജ് നേപ്പാളിലേക്ക് കടന്നുവെന്ന ഹിമാലയൻ ടൈംസ് എന്ന നേപ്പാളിലെ ഇംഗ്ലിഷ് പത്രത്തിൽ വന്ന വാർത്തയാണ് ശോഭരാജിനെ പിടികൂടാൻ സഹായകമായത്. പത്രപ്രവർത്തകനായ റിച്ചാർഡ് നെവില്ലെ ശോഭരാജിന്റെ ക്രിമിനൽ ജീവിതം പുസ്തകമാക്കിയിട്ടുണ്ട്. പിന്നീട് നെറ്റ്ഫ്ലിക്സ് അത് ‘സെർപന്റ്’ എന്ന പേരിൽ വെബ്സീരീസുമാക്കിയിരുന്നു. പുസ്തകം വായിച്ചിട്ടു തന്നെ കിടന്നുറങ്ങാനായില്ല. ഇനി ഞങ്ങൾ ഈ സീരീസും കാണണോ എന്നാണ് അന്ന് ചില പ്രേക്ഷകർ ചോദിച്ചത്.സത്യൻ അന്തിക്കാടിന്റെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ചിത്രത്തിൽ തിലകന്റെ കഥാപാത്രമായ ദാമോദർജി മോഹൻലാലിനെ ചേർത്തുപിടിച്ച് ഇതിലും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളൂ, വെൽഡൺ മൈ ബോയ് എന്നു പറയുമ്പോൾ പൊട്ടിച്ചിരിച്ചവരിലൂടെ ചാൾസ് ശോഭരാജ് മലയാളിയുടെ ചിരിയിലും ഇടംകണ്ടെത്തിയ പേരാണ്. ഒരുപാടുപേരുടെ സമാധാനം തകർത്ത പേര്.