ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചു; മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം • പാലാ എംഎൽഎ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) വാഹനാപകടത്തിൽ മരിച്ചു. രാത്രി 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം.രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെന്നിത്തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കു പരുക്കേറ്റു. രാഹുലിന്റെ സംസ്കാരം പിന്നീട്.