കൊച്ചടപ്പുപാറയിലും, ചെല്ലഞ്ചിയിലും കല്ലുവരമ്പിലും കാട്ടുപോത്ത് കൂട്ടം .
രാത്രി കാല സഞ്ചാരങ്ങളിൽ ശ്രദ്ധ വേണമെന്ന് ഫോറസ്റ്റ് അധികൃതർ.
പാലോട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ പാങ്ങോട് ,പാലോട് വനാതിർത്തികളിൽ കാട്ടുപോത്തുകളുടെ കൂട്ടം ഇറങ്ങി.
നാല് കാട്ടുപോത്തുകൾ അടങ്ങുന്ന സംഘമാണ് വനാതിർത്തികളിൽ ചുറ്റിത്തിരിയുന്നത്.
ഇന്ന് രാവിലെ മുതലാണ് മേഖലയിലെ വനപ്രദേശങ്ങളിൽ കാട്ടുപോത്തുകളെ കണ്ടത്.
വനാതിർത്തി മേഖല കരിമൺ കോട്, കൊച്ചടപ്പുപാറ, ചെല്ലഞ്ചി മുതുവിള കല്ലുവരമ്പ് ഭാഗങ്ങളിലാണ് കാട്ടുപോത്തുകളെ കണ്ടത് .
കാട്ടുപോത്തുകൾ സമീപത്തെ മറ്റ് വന പ്രദേശങ്ങളിലേക്കും എത്താൻ സാധ്യതയുണ്ട്.
കാരേറ്റ് - പാലോട് റോഡിൽ മൈലമൂട് കഴിഞ്ഞുള്ള വനപ്രദേശങ്ങൾ, മേഖലയിലെ വനാതിർത്തികളുമായി ചേർന്ന് കിടക്കുന്ന മറ്റു റോഡുകൾ എന്നിവിടങ്ങളിലൂടെ സന്ധ്യ കഴിഞ്ഞ് യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചു വേണം കടന്ന് പോകാനെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.
മേഖലയിൽ കാട്ടു പോത്തുകളുടെ സാന്നിദ്ധ്യം നേരത്തെയുണ്ട്.
അവ വനപാലകരുടെ നിരീക്ഷണത്തിലുമാണ്.
യാതൊരു കാരണവശാലും കാട്ടുപോത്തിനെ വനത്തിനുള്ളിൽ കയറി ഓടിയ്ക്കാനോ, ഫോട്ടോ എടുക്കാനോ പിന്തുടരാനോ പാടില്ല.
ഭീഷണിയുണ്ടെന്ന് തോന്നിയാൽ മാത്രമേ കാട്ടുപോത്തുകൾ സാധാരണ ആക്രമിയ്ക്കാറുള്ളു.
സമീപത്തെ പൊന്മുടി വനമേഖലയിൽ നിന്നും ഇറങ്ങുന്ന മൃഗങ്ങൾ താനെ തിരിച്ച് പോവുകയാണ് പതിവ് .
അവയെ പിന്തുടർന്നും ബഹളം വച്ചും പ്രകോപിതരാക്കുകയും കൂട്ടം തെറ്റിക്കുകയും ചെയ്താൽ ചിതറിയോടി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താൻ സാദ്ധ്യതയുണ്ട്.