ഇതിഹാസത്തിന്റെ പാദസ്പര്‍ശമേറ്റ ഈഡൻ ഗാർഡൻസ്; ഇന്ത്യയെ ത്രസിപ്പിച്ച പെലെ

ഒരിക്കല്‍ മാത്രമാണ് പെലെ ഇന്ത്യയില്‍ പന്തുതട്ടിയതെങ്കിലും ഇന്ത്യയിെല ഫുട്ബോള്‍ പ്രേമികള്‍ പെലെയ്ക്കെന്നും ആവേശമായിരുന്നു. 42 വര്‍ഷം മുമ്പാണ് പെലെ ആദ്യമായി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഇതിഹാസത്തിന്റെ പാദസ്പര്‍ശമേറ്റ ഏക ഇന്ത്യന്‍ മൈതാനം.ഇന്ത്യയെ ആകെ ത്രസിപ്പിച്ച വരവായിരുന്നു അത്. 1977 സെപ്റ്റംബര്‍ 24ന് കൊല്‍ക്കത്തിയില്‍ മോഹന്‍ ബഗാനും പെലെയും നേര്‍ക്കുനേര്‍. മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സാമ്പത്തിക സഹായം കണ്ടെത്താനായിരുന്നു പെലെയുടെ ക്ലബ്ബായ കോസ്‌മോസും മോഹന്‍ ബഗാനും തമ്മിലുള്ള പോരാട്ടം. മോഹന്‍ ബഗാന്‍ തന്നെ പെലെയുടെ വരവിനു വഴിയൊരുക്കി. ഗാരന്‍റി തുകയായി കോസ്‌മോസ് 20,000 ഡോളര്‍ ആവശ്യപ്പെട്ടെങ്കിലും പെലെ ഇടപെട്ടു തുക 5,000 ഡോളറാക്കി. മുപ്പത്തിയാറുകാരനായ പെലെയെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 65,000 കാണികള്‍.360 രൂപയായിരുന്നു ടിക്കറ്റ് വിലയെങ്കിലും കരിഞ്ചന്തയില്‍ ഒരു ടിക്കറ്റിന് 7000 രൂപ വരെയായി. പെലെയ്ക്കൊപ്പം കാര്‍ലോസും ചിനാഗ്ലിയും കോസ്മോസിനായി ഇറങ്ങി. ബഗാന്‍ നിരയില്‍ പ്രദീപ് ചൗധരി, സുബ്രതോ ഭട്ടാചാര്യ, ഗൗതം സര്‍ക്കാര്‍ തുടങ്ങിയവരും. ആദ്യ ഗോള്‍ ആതിഥേയരുടെ ശ്യാം താപ്പയുടെ വകയായിരുന്നു. പിന്നാലെ വന്നു കോസ്‌മോസിന്‍റെ സമനില ഗോള്‍. ഇരുടീമും രണ്ടുഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞ മല്‍സരത്തില്‍ ഫുട്ബോള്‍ മാന്ത്രികന്‍ നിറഞ്ഞുകളിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല. 1976 ജനുവരി 27ന് ടോക്കിയോയില്‍ നിന്നു മൗറീഷ്യസിലേക്കുള്ള യാത്രയില്‍ പെലെ മുംബൈയില്‍ അല്‍പസമയം വിശ്രമിച്ചിരുന്നു. 2015ല്‍ പെലെ ഒരിക്കല്‍കൂടി ഈഡന്‍ ഗാര്‍ഡനിലെത്തി. ഒര്‍മകള്‍ പുതുക്കി .