പാടത്ത് പന്തം കൊളുത്തി ഹരോ... ഹര... വിളിക്കുന്ന കുട്ടികൾ അറിയട്ടെ കാർത്തിക വിളക്കിൻ്റെ കാർഷിക പ്രാധാന്യങ്ങൾ.
നമ്മൾ കാർത്തികവിളക്കിനെ ഇന്ന് ഒരു ആചാരം മാത്രമായി മനസ്സിലാക്കുന്നു വെങ്കിലും നമ്മുടെ പൂർവ്വികരായ കർഷകർ അങ്ങനെ ആയിരുന്നില്ല.
അവർക്ക് കാർത്തിക വിളക്ക് ഒരു ആചാരം മാത്രമല്ല ജീവിത മാർഗം കൂടിയിയായിരുന്നു.
അത് മനസ്സിലാക്കണമെങ്കിൽ
കാർത്തിക വിളക്കിൻ്റെ
കാർഷിക പ്രാധാന്യത്തെക്കുറിച്ചു മനസിലാക്കണം.
പ്രകൃതി സൗഹൃദമായ രീതിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് പലതരം മാർഗങ്ങൾ നമ്മുടെ മുൻഗാമികൾ അനുവർത്തിച്ചിരുന്നു.
നെൽകൃഷിയിൽ പ്രത്യേകിച്ചും.
രോഗ -കീട പ്രതിരോധശേഷിയുള്ള ഇനങ്ങൾ, ശരിയായ നടീൽ സമയം തെരെഞ്ഞെടുക്കൽ
ജൈവ വളങ്ങളുടെ സമൃദ്ധമായ ഉപയോഗം, ശരിയായ വരമ്പൊരുക്കൽ, ക്രമമായ ജല നിയന്ത്രണം, കള നിയന്ത്രണം എന്നിവയൊക്കെ അതിൽ പെടുന്നു.
പാടത്ത് കത്തിച്ചു വച്ച പന്തങ്ങൾ, തണ്ട് തുരപ്പൻ, ഓല ചുരുട്ടിപ്പുഴു, കുഴൽ പുഴു തുടങ്ങിയവയുടെ നിശാശലഭങ്ങളെയും, ചാഴികളെയും ചെറുവണ്ടുകളെയും ആകർഷിച്ച് നശിപ്പിക്കുന്നതായി അവർ നിരീക്ഷിച്ചു. അത് പിൽക്കാലത്തു വൈദ്യുതി കൊണ്ടും സൗരോർജ്ജം കൊണ്ടും പ്രവർത്തിക്കുന്ന വിളക്ക് കെണികളായി (light trap) പരിണമിച്ചു.
രണ്ടാം വിള നെൽകൃഷിയിൽ കീടങ്ങൾ കൂടുതലായി രൂപപ്പെട്ടു വരുന്ന സമയമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്, ഒരേ ദിവസം, ഒരേ സമയത്ത് തന്നെ എല്ലാ വീടുകളിലും പുരയിടങ്ങളിലും വയലുകളിലും ക്ഷേത്രങ്ങളിലും വിളക്കുകളും കാക്കണംകമ്പിൽ (ഒരു പ്രത്യേക തരം പുല്ല് )കെട്ടി യുറപ്പിച്ച ചൂട്ടുകറ്റകളും കുത്തി നിർത്തുമ്പോൾ നേരത്തേ പറഞ്ഞ പോലെ,കാർഷിക വിളകളെ നശിപ്പിക്കുന്ന പലജാതി കീടങ്ങൾ അതിൽ ആകൃഷ്ടരായി വന്ന് അത്മാഹുതി ചെയ്യുന്നു. അങ്ങനെ അവയുടെ വംശവർദ്ധനവ് നിയന്ത്രിക്കുന്നു.
അതോടൊപ്പം തന്നെ ദേവാലയങ്ങളിൽ നിന്നും പൊട്ടിക്കുന്ന വെടിവഴിപാടിലൂടെയും കരിമരുന്നുപ്രയോഗത്തിലൂടെയും അന്തരീക്ഷത്തിലേക്കു വമിക്കുന്ന വെടിമരുന്നിലൂടെ (ഗന്ധകം,Sulphur )മണ്ഡരികളുടെ നിയന്ത്രണവും സാധ്യമാകും.
ഒപ്പം ചെടികൾക്കാവശ്യമുള്ള ദ്വിതീയ മൂലക(Secondary nutrient )മായ ഗന്ധകവും വിളകൾക്ക് കിട്ടുന്നു.
എണ്ണക്കുരുക്കൾക്ക്, പ്രത്യേകിച്ചും തെങ്ങിന് ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് ഗന്ധകം.
തേങ്ങയ്ക്ക് ഉൾക്കട്ടിയും എണ്ണയുടെ അംശവും കിട്ടാൻ സഹായിക്കുന്ന മൂലകമാകുന്നു ഗന്ധകം.
ഒപ്പം പച്ചക്കറി വിളകളിലും മാവിലും പൊടിപ്പൂപ്പ് രോഗം (Powdery Mildew disease )നിയന്ത്രിക്കാനും ഗന്ധകത്തിന് കഴിയും.
അങ്ങനെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന നിരവധി ആചാരങ്ങളിൽ ഒന്നാണ് കാർത്തിക .
ഭാരതീയർക്ക് കൃഷി ഒരു ജീവിത മാർഗ്ഗം മാത്രമായിരുന്നില്ല സംസ്കാരമാണ്. അതിൻ്റെ ഭാഗമാണ് പാടത്ത് പന്തം കൊളുത്തി ഹരോ ഹരോ വിളിച്ച് നമ്മൾ ഇപ്പോഴുംആചരിയ്ക്കുന്നതൃക്കാർത്തിക.