കൊവിഡ് : സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി, അവലോകന ‌യോഗം ഇന്ന് 

ദില്ലി : ഒരിടവേളത്ത് ശേഷം വീണ്ടും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വിശകലനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് സെവൻ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്ന് ചേരുന്ന യോഗത്തിൽ നടപടിക്രമങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും. വിദേശ രാജ്യങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ ഊർജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തത്കാലം കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടില്ല. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. എന്നാൽ രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവും ജാഗ്രതയിലാണ്. ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിർദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറിൽ  ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 51 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.