മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് ക്ഷേത്ര നട തുറക്കും. തുടർന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. തുടർന്നു മേൽശാന്തിയുടെ ചുമതല വഹിക്കുന്ന തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിക്കും.

നാളെ പ്രത്യേക പൂജകളില്ല. മകരവിളക്കു തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന് നിർമാല്യത്തിനു ശേഷം തുടങ്ങും. നാളെ ദര്‍ശനത്തിനായി 32,281 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഏകദേശം 80,000 തീര്‍ത്ഥാടകരും ബുക്ക് ചെയ്തിട്ടുണ്ട്.

ജനുവരി 14ന് ആണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളൽ ജനുവരി 11നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തു നിന്നു പുറപ്പെടും. 13ന് പമ്പ വിളക്ക് പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്കു കാലത്തെ നെയ്യഭിഷേകം 18ന് പൂർത്തിയാക്കും. 19ന് തീർഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടയ്ക്കും.