*കാര്‍ഷിക സെന്‍സസിന്റെ നെടുമങ്ങാട് താലൂക്ക്തല പരിശീലന പരിപാടിക്ക് തുടക്കം*

കാര്‍ഷിക സെന്‍സസില്‍ കൃത്യത ഉറപ്പ്; മികച്ച കര്‍ഷക നയ രൂപീകരണത്തിന് സഹായിക്കുമെന്ന് മന്ത്രി 

എല്ലാ കുടുംബങ്ങളെയും നേരിട്ട് സന്ദര്‍ശിച്ച് കൃത്യതയോടെ തയ്യാറാക്കുന്നതാണ് കാര്‍ഷിക സെന്‍സസ് വിവരങ്ങളെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഭാവിയില്‍ കര്‍ഷകരുടെ മികച്ച ഉന്നമനത്തിനായി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വേ ഫലങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സെന്‍സസിന്റെ നെടുമങ്ങാട് താലൂക്ക് തല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക സ്ഥിതവിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സെന്‍സസിന്റെ പതിനൊന്നാം ഘട്ടമാണ് ആരംഭിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേ പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് നടപ്പാക്കുന്നത്. പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്തുകളിലെ എന്യുമറേറ്റർമാർക്കാണ് പരിശീലനം നൽകിയത്.

നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യുട്ടി ഡയറക്ടര്‍ ബി. അനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.