വിഴിഞ്ഞം സമരത്തിന് പിന്നാലെ ക്രിസ്മസ് ആഘോഷത്തെ ചൊല്ലി ലത്തീന്‍ സഭയും സര്‍ക്കാരും തമ്മില്‍ തര്‍ക്കം. കടലിലെ ആഘോഷം വിലക്കി ഫിഷറീസ് വകുപ്പ് ഇറക്കിയ ഉത്തരവാണ് തര്‍ക്കത്തിന് കാരണം. ഉത്തരവ് പുനപരിശോധിക്കണമെന്ന് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ആവശ്യപ്പെട്ടപ്പോള്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു വിശദീകരിച്ചു.ക്രിസ്മസും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കാന്‍ കുടുംബസമേതം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാറുണ്ട്. ഇത്തവണ അത്തരം ആഘോഷം വിലക്കിക്കൊണ്ടാണ് വിഴിഞ്ഞത്തെ അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ നോട്ടീസ് ഇറക്കിയത്. ഇതിനെയാണ് ലത്തീന്‍ സഭയും മല്‍സ്യത്തൊഴിലാളികളും ചോദ്യം ചെയ്യുന്നത്.സംസ്ഥാനത്തെ മറ്റ് തീരങ്ങളിലൊന്നും ഇല്ലാത്ത വിലക്ക് വിഴിഞ്ഞം സമരം മൂലമുള്ള പ്രതികാരനടപടിയെന്നാണ് തൊഴിലാളികളുടെ വിലയിരുത്തല്‍. എന്നാല്‍ നിര്‍ബന്ധിത വിലക്കല്ലന്നും മുന്‍കരതുല്‍ നടപടി മാത്രമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. വിലക്ക് മറികടന്ന് പതിവുപോലെ കടലില്‍ ആഘോഷിക്കാനാണ് മല്‍സ്യത്തൊഴിലാളികളുടെ തീരുമാനം. ഇത് തടയുമോയെന്നാണ് ഇനി അറിയേണ്ടത്.