നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ വച്ചു; അഭിഭാഷക ആശുപത്രിയിൽ

കൊട്ടാരക്കര : യുവ അഭിഭാഷകയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ടു പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ വിചാരണയ്ക്ക് എത്തി ‍മടങ്ങിയ എഴുകോൺ ഇടയ്ക്കോട് അക്ഷരയിൽ ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി കോട്ടാത്തല അഖിൽനിവാസിൽ അഖിൽരാജിനെ(32) നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഐശ്വര്യയെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയിൽ നെടുവത്തൂർ അഗ്രോ ജംക്‌ഷനു സമീപമാണ് സംഭവം.കൊട്ടാരക്കര പൊലീസ് പറയുന്നത്: 4 വർഷമായി കോടതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് നടക്കുകയാണ്. ചെലവു തുക സംബന്ധിച്ച കേസിനാണ് ഇന്നലെ ഹാജരായത്. ഭാര്യയ്ക്കും കുഞ്ഞിനുമുള്ള ചെലവു തുക നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. കൊല്ലുമെന്ന് അഖിൽരാജ് കോടതിയിൽ വച്ചു പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഐശ്വര്യയുടെ മൊഴി. കേസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ ഐശ്വര്യയെ ബൈക്കിൽ അഖിൽരാജ് പിന്തുടർന്നു. വേഗത്തിൽ പിന്തുടരുന്നതിൽ സംശയം തോന്നിയ ഐശ്വര്യ അഗ്രോ ജംക്‌ഷനിലെത്തിയപ്പോൾ സ്കൂട്ടർ ഒതുക്കി നിർത്തി. മറികടന്നു മുന്നോട്ടു പോയ അഖിൽരാജ് തിരികെ ബൈക്കുമായി ഐശ്വര്യയ്ക്കു സമീപത്തേക്ക് കുതിച്ചു. സ്കൂട്ടറിൽ നിന്ന് ഇറങ്ങി ഓടിയ ഐശ്വര്യയെ പിടികൂടി അടിച്ചു താഴെയിട്ടു.കയ്യിൽ കരുതിയ മുളക് സ്പ്രേ മുഖത്തേക്ക് തളിച്ചു. പിന്നാലെ കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ചു. പ്രാണരക്ഷാർഥം എഴുന്നേറ്റ് ഓടാൻ ശ്രമിച്ച ഐശ്വര്യയുടെ ദേഹത്തേക്ക് ലൈറ്റർ കത്തിച്ച് എറിഞ്ഞു. ശരീരത്തിൽ തീ പടർന്നതോടെ ഐശ്വര്യ നിലത്തു വിണുരുണ്ടു. ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ കടയിൽ നിന്നു വെള്ളം കോരിയൊഴിച്ചാണു തീ കെടുത്തിയത്. തോളിനും കഴുത്ത് ഭാഗത്തുമാണ് തീ പടർന്നത്. ഉടൻ ഐശ്വര്യയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്തു നിന്നു കടന്നുകളയാൻ ശ്രമിച്ച അഖിൽരാജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നു പെട്രോൾ സൂക്ഷിച്ചിരുന്ന ജൂസ് കുപ്പി, മുളക് സ്പ്രേ, മുളകുപൊടി എന്നിവ പൊലീസ് കണ്ടെടുത്തു. ആറ് വർഷം മുൻപായിരുന്നു അഖിൽരാജിന്റെയും ഐശ്വര്യയുടെയും വിവാഹം. ബാങ്കിലെ കളക്‌ഷൻ ഏജന്റാണ് അഖിൽരാജ്. സംഭവത്തിൽ വധശ്രമത്തിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു.