ഒരു ക്രിസ്‍മസ് കാലത്തെ കണ്ണീരിലാഴ്‍ത്തി മടങ്ങിയ അനില്‍ നെടുമങ്ങാട്, ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

അരങ്ങിലൂടെ പ്രതിഭയുടെ കനല്‍ എരിയിച്ച് വെള്ളിത്തിരിയില്‍ വിസ്‍മയങ്ങള്‍ കാഴ്‍ചവയ്‍ക്കവെ അപ്രതീക്ഷിതമായിരുന്നു അനില്‍ നെടുമങ്ങാടിന്റെ വിയോഗം. ലോകം ക്രിസ്‍മസ് ആഘോഷത്തിലായിരിക്കേ കേരളത്തെ കണ്ണീരിലാക്കി കടന്നുപോകുകയായിരുന്നു അനില്‍ നെടുമങ്ങാട്. അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തിന് രണ്ട് വര്‍ഷം തികയുകയാണ്. തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചത്.

വളരെ കുറച്ച് കഥാപാത്രങ്ങളായി മാത്രമേ സിനിമയില്‍ അനില്‍ നെടുമങ്ങാട് എത്തിയിട്ടുള്ളൂവെങ്കിലും ഗംഭീര വേഷപകര്‍ച്ചകള്‍ പ്രേക്ഷകരുടെ ഓര്‍മയില്‍ അവശേഷിപ്പിച്ച് മറഞ്ഞ നടനാണ് അനില്‍ നെടുമങ്ങാട്. സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ പഠനം കഴിഞ്ഞ് ടെലിവിഷന്‍ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ചയായിരുന്നു അനിലിന്റേത്. രാജീവ് രവി സംവിധാനം ചെയ്‍ത 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലാണ് ആദ്യമായി ശ്രദ്ധേയമായ റോള്‍ ലഭിക്കുന്നത്. 'ഫ്രെഡി കൊച്ചാച്ചന്‍' എന്ന ക്യാരക്ടര്‍ ഏറെ പ്രശംസ നേടിയതോടെ തന്റെ അടുത്ത ചിത്രമായ 'കമ്മട്ടിപ്പാട'ത്തിലും രാജീവ് രവി അനിലിനെ കൈവിട്ടില്ല.

ഏറെ നിരൂപക പ്രശംസ നേടിയ 'കമ്മട്ടിപ്പാട'ത്തില്‍ വില്ലന്‍ പരിവേഷമുള്ള റോളില്‍ അനില്‍ തിളങ്ങി. അദ്ദേഹത്തിന് ബ്രേക്ക് ത്രൂ എന്ന് പറയാവുന്ന കഥാപാത്രമായിരുന്നു 'കമ്മട്ടിപ്പാട'ത്തിലെ സുരേന്ദ്രന്‍.
പിന്നീട് നിരവധി ചിത്രങ്ങള്‍ അനിലിനെ തേടി വന്നു. സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'സിഐ സതീഷ് കുമാര്‍' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വലിയ വിജയം നടനെന്ന നിലയില്‍ അനിലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു. അനില്‍ നെടുമങ്ങാടിനെ മറ്റ് സിനിമ സംവിധായകരുടെയും ശ്രദ്ധയില്‍ പെടുത്തിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'  

 പൃഥിരാജ് നായകനായ ചിത്രമായ 'പാവാട', ജോഷി ചിത്രമായ 'പൊറിഞ്ചു മറിയം ജോസ്', കമലിന്റെ 'ആമി', ഷാനവാസ് ബാവക്കുട്ടിയുടെ 'കിസ്‍മത്' തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.

തൊടുപുഴ മലങ്കര ഡാമിൽ മരണം തട്ടിയെടുക്കുമ്പോള്‍ അനില്‍ നെടുമങ്ങാടിനെ കാത്ത് ഒരുപാട് കഥാപാത്രങ്ങള്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. മാര്‍ട്ടിൻ പ്രക്കാടിന്റെ 'നായാട്ട്' സിനിമ, പൃഥ്വിരാജ് നായകനായ 'കോള്‍ഡ് കേസ്' എന്നിവ അനില്‍ നെടുമങ്ങാടിന്റേതായി അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയിരുന്നു. ഡാം സൈറ്റിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. ജോജു നായകനായ 'പീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയതായിരുന്നു.

 അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കെടുക്കുകയും തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.