ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ശുചിമുറിയില്ല

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ‘ആ’ശങ്കയ്ക്ക്  പരിഹാരമില്ല. ദിവസേന നൂറുകണക്കിനുള്ള സർക്കാർ ജീവനക്കാരുൾപ്പെടെ യാത്രക്കാർ ആശ്രയിക്കുന്ന സ്‌റ്റേഷനിലാണ്‌  മാസങ്ങളായി ശുചിമുറി അടഞ്ഞു കിടക്കുന്നത്‌. യാത്രക്കാർക്ക്‌ "ശങ്ക’ തീർക്കണമെങ്കിൽ മതിലിന്റെയോ ചെടികളുടെയോ മറപറ്റണമെന്ന സ്ഥിതിയാണുള്ളത്‌.തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് പന്ത്രണ്ടോളം ട്രെയിനുകളാണ് ചിറയിൻകീഴിൽ നിർത്തി ഇരുഭാഗങ്ങളിലേക്കായി പുറപ്പെടുന്നത്.
 
ആറ്റിങ്ങൽ, ചിറയിൻകീഴ്, കീഴുവിലം, കിളിമാനൂർ , മുദാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേന സ്റ്റേഷനിൽ നിന്ന്‌ യാത്രക്കാരുണ്ട്‌. മികച്ച വരുമാനം ലഭിക്കുന്ന സ്റ്റേഷനിലാണ് ഈ ദുരവസ്ഥയുള്ളത്‌. കോവിഡ്‌ കാലഘട്ടത്തിന്‌ മുമ്പ്‌ പണം നൽകി ഉപയോഗിക്കാമായിരുന്ന ശുചിമുറികളുണ്ടായിരുന്നു.  കോവിഡ് രൂക്ഷമായതിനു ശേഷം അടയ്ക്കുകയായിരുന്നു. മാസങ്ങൾക്ക്‌ ശേഷം ട്രെയിൻ ഗതാഗതം സാധാരണ നിലയിലായെങ്കിലും ശുചിമുറിയിൽ കെട്ടിടം നിർമിക്കുന്ന ജോലിക്കാരുടെ പണിസാധനങ്ങളും പാഴ് വസ്തുക്കളും നിറച്ച് അടച്ചിട്ടിരിക്കുകയാണ്‌. 
 
സ്‌ത്രീകൾക്കും ഉയർന്ന ക്ലാസിലെ യാത്രക്കാർക്കുമുള്ള വിശ്രമമുറികളും കാലങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്‌. യാത്രക്കാർക്ക് ഇരിക്കാനാവശ്യമായ ഇരിപ്പിടമോ മറ്റ്‌ സൗകര്യങ്ങളോ ഇല്ലാതിരിക്കുമ്പോഴാണ് സ്ത്രീകളുടേതുൾപ്പെടെയുള്ള വിശ്രമമുറികൾ അടച്ചിട്ടിരിക്കുന്നത്. അതിരാവിലെയും രാത്രിയിലും യാത്ര ചെയ്യുന്ന സ്ത്രീകളാണ് അധികൃതരുടെ അനാസ്ഥ കാരണം ഏറെ ബുദ്ധിമുട്ടുന്നത്. കന്യാകുമാരി ബാംഗ്ലൂർ പരശുറാം എക്‌സ്‌പ്രസിനും പുനലൂർ പാസഞ്ചറിനുമുൾപ്പെടെ ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിനും വർഷങ്ങളായി പരിഹാരമില്ല. 
 
ട്രെയിനുകൾക്ക്‌ സ്റ്റോപ്പനുവദിക്കുന്നതിന്‌ സമ്മർദം ചെലുത്തുമെന്ന ആറ്റിങ്ങൽ എംപിയുടെ വാഗ്ദാനവും പൊള്ളയായി അവശേഷിക്കുകയാണ്‌. യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കണമെന്നും സ്ത്രീകളുടെ വിശ്രമ കേന്ദ്രമുൾപ്പെടെ തുറക്കണമെന്നും റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.