ആറ്റിങ്ങല്‍: പൂവന്‍പാറ പാലത്തില്‍നിന്ന് വാമനപുരം നദിയില്‍ ചാടുന്നത് തടയാന്‍ സംരക്ഷണ വല സ്ഥാപിക്കുമെന്ന വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. നിരവധി ആളുകളാണ് പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടാന്‍ ശ്രമിക്കുന്നത്. പാലത്തിന്റെ കൈവരിക്ക് ഉയരം കുറവായതിനാല്‍ ആളുകള്‍ക്ക് അനായാസം ആറ്റിലേക്ക് ചാടാന്‍ കഴിയും. പലപ്പോഴും ഇത്തരം ആളുകള്‍ പാലത്തിനു സമീപം ചുറ്റിത്തിരിയുന്നത് ശ്രദ്ധയില്‍പെടുന്ന യാത്രക്കാര്‍ സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നതുമൂലം അപകടം ഒഴിവാക്കാന്‍ കഴിയുന്നുണ്ട്. നേരത്തെ ജനപ്രതിനിധികളുടെ ഇടപെടലില്‍ ഉടന്‍ സംരക്ഷണവല സ്ഥാപിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. ഇതിനായി എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. വല സ്ഥാപിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിക്കും പി.ഡബ്ല്യു.ഡി അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ജിഷാദ് പറഞ്ഞു.