ഇരട്ട ഗോളുമായി എംബാപ്പെ, ഒന്ന് ജിറൂദിന്റെ വക; പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍,

ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. സെനഗല്‍- ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ നേരിടുക. 

നാലാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ആക്രമണത്തോടെയാണ് മത്സരത്തിന് ചൂടുപിടിത്. ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നുചാടി റാഫേല്‍ വരാനെ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റില്‍ പോളണ്ട് വക അതിനുള്ള മറുപടി. വരാനെയുടെ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന് പിഴവ് സംഭവിച്ചു. എന്നാല്‍ മാറ്റി കാഷിന്റെ ഷോട്ട് ഗോള്‍ കീപ്പറുടെ കൈകളിലേക്ക്. പിന്നാലെ ഗ്രീസ്മാന്‍, എംബാപ്പെ എന്നിവരുടെ മിന്നലാട്ടങ്ങള്‍. 13-ാം മിനിറ്റില്‍ ഒര്‍ലിന്‍ ഷ്വാമെനിയുടെ ഷോട്ട് പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി തട്ടിയകറ്റി. 17-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ഡെംമ്പേലെയുടെ ഷോട്ടും ഷെസ്‌നി അനായാസം കയ്യിലൊതുക്കി. 20-ാം മിനിറ്റില്‍ ജിറൂദ്- ഗ്രീസ്മാന്‍ സഖ്യത്തിന്റെ മുന്നേറ്റം പോളണ്ട് പ്രതിരോധത്തിന് മുന്നില്‍ വിലപ്പോയില്ല. 
21-ാം മിനിറ്റിലാണ് പോളണ്ടിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാല്‍ 20 അടി അകലെ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ മത്സരത്തിലേക്ക് ചെറുതായിട്ടെങ്കിലും തിരിച്ചെത്താന്‍ പോളണ്ടിനായി. എന്നാല്‍ 29-ാം മിനിറ്റില്‍ ജിറൂദ് ഒരു തുറന്ന അവസരം നഷ്ടമാക്കി. ഡെംബെലയുടെ നിലംപറ്റെയുള്ള ക്രോസില്‍ ജിറൂദ് കാല് വച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 

38-ാം മിനിറ്റില്‍ ലോറിസിന്റെ തകര്‍പ്പന്‍ സേവ് പോളണ്ടിനെ ഗോളില്‍ നിന്നകറ്റി. സിലിന്‍സ്‌കിയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മനോഹരമായി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടില്‍ കമിന്‍സ്‌കിയുടെ ഷോട്ട് വരാനെ രക്ഷപ്പെടുത്തി. ആദ്യപകുതി തീരാന്‍ ഒരു മിനിറ്റി മുമ്പ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി. ഇതോടെ ഫ്രാന്‍സിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാവാനും ജിറൂദിന് സാധിച്ചു. 

രണ്ടാം പാതിയിലും ഫ്രഞ്ച് പട ആധിപത്യം തുടര്‍ന്നു. 74-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. ഡെംബേലയുടെ പാസ് സ്വീകരിച്ച്, സമയമെടുത്ത് എംബാപ്പെ തൊടുത്ത ഷോട്ട് വലയില്‍ തുളച്ചുകയറി. ഇഞ്ചുറി സമയത്ത് എംബാപ്പെ വിജയമുറപ്പിച്ച ഗോളും നേടി. തുറാമിന്റെ പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത വലങ്കാലന്‍ ഷോട്ട് ഷെസ്‌നിയെ കീഴടക്കി. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളാക്കി ലെവന്‍ഡോസ്‌കി പോളണ്ടിന്റെ പരാജയഭാരം കുറച്ചു.