കട്ടപ്പന : ടിക്കറ്റ് എടുക്കാനായി പണം നീട്ടിയ യാത്രക്കാർ തെല്ലൊന്നമ്പരന്നു, കണ്ടക്ടർക്കു പകരം മുന്നിൽ ക്രിസ്മസ് പാപ്പാ! വളകോട്-ഉപ്പുതറ-കട്ടപ്പന-നെടുങ്കണ്ടം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സായ 'കുട്ടിമാളു'വിൽ ആയിരുന്നു ഇന്നലെ വേറിട്ട കണ്ടക്ടർ അവതരിച്ചത്. ബസ് ഉടമയായ രാജേഷിന്റെ ആശയത്തിൽ നിന്നാണ് 'കണ്ടക്ടർ പാപ്പാ'യുടെ പിറവി.ബസിലെ കണ്ടക്ടറായ അരുൺ ആണ് പാപ്പായുടെ വേഷത്തിൽ എത്തിയത്. നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച ബസിനുള്ളിൽ പാപ്പായിൽ നിന്ന് ടിക്കറ്റും വാങ്ങിയുള്ള യാത്ര എല്ലാവർക്കും വേറിട്ട അനുഭവമായി. ബസിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാർക്ക് ക്രിസ്മസ് ആശംസകൾ നേരാനും കണ്ടക്ടർ പാപ്പാ മറന്നില്ല.