ലിയോണൽ മെസിയും എംബാപ്പെയും ഒരുമിച്ചുള്ള കളി തുടരുമോ? നിലപാട് വ്യക്തമാക്കി പിഎസ്ജി പ്രസിഡന്റ്

പാരീസ്: ലിയോണൽ മെസിയെയും കിലിയന്‍ എംബാപ്പെയെയും പിഎസ്ജിയിൽ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലൈഫി. ലോകകപ്പിലെ മികച്ച താരം, മികച്ച ഗോള്‍നേട്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. മെസിയും എംബാപ്പെയും ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷ. മെസിയെ കുറിച്ച് കൂടുതൽ ഇപ്പോള്‍ പറയുന്നില്ലെന്നും, സൂപ്പര്‍താരവുമായി സംസാരിക്കാന്‍ ഒരുങ്ങുകയാണെന്നും പിഎസ്ജി പ്രസിഡന്‍റ് വ്യക്തമാക്കി.മെസി അടുത്ത വര്‍ഷം അമേരിക്കന്‍ ലീഗിലേക്ക് മാറുമെന്ന അഭ്യൂഹം ലോകകപ്പിനിടെ ഉയര്‍ന്നിരുന്നു. റയല്‍ മാഡ്രിഡിലേക്ക് മാറുകയാണ് എംബാപ്പെയുടെ ആഗ്രഹമെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയലിന്റെ ഓഫറുകൾ തള്ളി എംബാപ്പെ പിഎസ്ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലൈഫി സ്ഥിരീകരിക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്. എന്നാൽ, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസര്‍ വ്യക്തമാക്കി. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും അന്ന് പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുമ്പ് തന്നെ ഖത്തറിനെ ത്രസിപ്പിച്ച താരങ്ങളെ തേടി വമ്പൻ ക്ലബ്ബുകളെല്ലാം ഇറങ്ങി കഴിഞ്ഞു. യുവ താരങ്ങളായ ക്രൊയേഷ്യയുടെ ​ഗ്വാർഡിയോൾ, അർജന്റീനയുടെ എൻസോ ഫെർണാണ്ടസ്, നെതർലാൻഡ്സിന്റെ കോടി ​ഗാപ്കോ, പോർച്ചു​ഗലിന്റെ ​ഗോൺസാലോ റാമോസ് എന്നിവർക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.