വിവാഹത്തലേന്നു സെൽഫി എടുക്കവേ പാറക്കുളത്തിൽ വീണു; യുവതിയെയും പ്രതിശ്രുത വരനെയും രക്ഷിച്ചു: വിവാഹം മാറ്റി

ചാത്തന്നൂർ • വിവാഹത്തലേന്നു ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയിൽ പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുള്ള കുളത്തിൽ ഒന്നര മണിക്കൂർ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. ഇന്നു വിവാഹം നിശ്ചയിച്ചിരുന്ന പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടിൽ സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തിൽപ്പെട്ടത്.കാൽവഴുതി വീണ സാന്ദ്രയെ രക്ഷിക്കാൻ ചാടിയതായിരുന്നു വിനു. കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്ത് ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റൻ ക്വാറിയുടെ മുകളിൽ സെൽഫിയെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീണു.പിന്നാലെ ചാടിയ വിനു വസ്ത്രത്തിൽ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പൊലീസും ചേർന്നു കരയ്ക്കെത്തിച്ചു. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. അപകടത്തെത്തുടർന്നു വിവാഹം മാറ്റിവച്ചു.

ഒരു നാട് ഒന്നിച്ചു; രക്ഷിച്ചു

കല്ലുവാതുക്കൽ• ‘ഒന്നിനു പിറകേ ഒന്നായി വെള്ളത്തിൽ എന്തോ പതിക്കുന്ന ശബ്ദം. രക്ഷപ്പെടുത്തണമെന്ന് ഉച്ചത്തിൽ വിളിക്കുന്നതും കേട്ടു’– സമീപവാസി ജയപ്രകാശ് പറഞ്ഞു. കാട്ടുപുറം പാറക്കുളത്തിനു സമീപം റബർത്തോട്ടത്തിൽ പാൽ എടുക്കുമ്പോഴാണു സംഭവം. പാറക്കുളത്തിന്റെ അക്കരെ രണ്ടു പേർ ജീവനു പിടയുന്നു. ആഴമുള്ള ഭാഗത്തു കിടക്കുന്നവർക്കു പാറയുടെ വശത്തെ അടരിൽ പിടികിട്ടിയത് പിടിവള്ളിയായെന്നു തോന്നി. ബഹളം കേട്ടു സമീപത്തെ കാട്ടുപുറം ബാബുവും എത്തി.‘ജീവൻ ഉണ്ട്. രക്ഷിക്കണേ’– യുവാവ് അലറി വിളിക്കുകയാണ്. അൻപത് അടിയിലേറെ താഴ്ചയിൽ വെള്ളമുള്ള അപകടം പതിയിരിക്കുന്ന പാറക്കുളത്തിൽ ഇവരുടെ അരികിലേക്കെത്തുക അസാധ്യമാണ്. പ്രദേശത്തുള്ളവർക്കു നീന്തൽ വശമില്ല. മുകളിൽ നിന്നു കയർ ഇട്ടു കൊടുക്കുകയാണ് ഏറ്റവും നല്ല മാർഗമെന്നു കണ്ടു സമീപവാസികളോടു വേഗത്തിൽ കയർ എത്തിക്കാൻ ആവശ്യപ്പെട്ടു.സ്ത്രീകൾ, കിണറുകളിലെ കയറുകളുമായി ഓടിയെത്തി. ആളുകൾ നിൽക്കുന്ന കരയിൽ നിന്നു പാറയുടെ മുകളിൽ എത്താൻ വഴിയില്ല.കാട്ടുപുറം ബാബു, അഭിലാഷ്, ജോളി എന്നിവർ കയറുകളുമായി, പൊന്തക്കാടുകൾ നിറഞ്ഞ വശത്തു കൂടി ഏറെ ബുദ്ധിമുട്ടി മുകളിലെത്തി. കയറുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇട്ടുകൊടുത്തു. ശരീരങ്ങൾ പരസ്പരം ബന്ധിച്ചു പിടിച്ചു കിടക്കാനും നിർദേശിച്ചു. ഇതിനിടെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെയും വിവരം അറിയിച്ചിരുന്നു.ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.പാറയുടെ മുകളിൽ നിന്ന് ഇട്ടുകൊടുത്ത കയറിൽ ബന്ധിച്ചു നിൽക്കുകയാണെങ്കിലും ഓരോ നിമിഷവും അപകടം വർധിക്കുകയാണ്.ഇതിനിടെ ടയർ കടയിൽ നിന്നു ലോറിയുടെ ട്യൂബ് എത്തിച്ചു. പാറക്കുളത്തിൽ നിന്നു മീൻപിടിക്കാനായി പൈപ്പ് ഉപയോഗിച്ചു നിർമിച്ച ചങ്ങാടവും ഒരു വീട്ടിൽ നിന്നു കൊണ്ടു വന്നു. അഗ്നിരക്ഷാ സേന കല്ലമ്പലം അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ബി. ശ്രീകുമാർ, ഫയർ ഓഫിസർ വി.എസ്.ഷാജി, അഗ്നിരക്ഷാ സേനയിലെ പിപ്രവീൺസ വിഷ്ണു എസ്.നായർ, ആർ.അരവിന്ദ്, അനന്തു, ബിജു, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കൊല്ലത്തു നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.
യുവതിയും യുവാവും പാറക്കുളത്തിൽ അകപ്പെട്ടത് അറിഞ്ഞു കുന്നുംപുറത്തു വീട്ടിൽ സുധീഷും ചെന്തിപ്പിൽ വീട്ടിൽ ശരത്തും സ്ഥലത്തെത്തി. ചങ്ങാടവും റബർ ട്യൂബുമായി ഇരുവരും പാറക്കുളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ അറിയാം. കയറിലെ കെട്ടഴിച്ചു യുവതിയെ ചങ്ങാടത്തിൽ കയറ്റി മറുകരയിലേക്കു തുഴഞ്ഞു. യുവാവിനെ കയറിൽ ബന്ധിച്ചു സുരക്ഷിതമായി നിർത്തിയശേഷം കരയിലേക്കു നീങ്ങി. കുളത്തിന്റെ പകുതിയോളം താണ്ടിയപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി. പിന്നാലെ യുവാവിനെയും കരയിൽ എത്തിച്ചു. ഇരുവരെയും രക്ഷിക്കാനായി നാട് ഒരു മനസ്സോടെ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.
കല്ലുവാതുക്കൽ• കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി വേർതിരിക്കുന്നതാണു കാട്ടുപുറം പാറ. ഒന്നര പതിറ്റാണ്ടു മുൻപു പാറ ഖനനം അവസാനിച്ചതോടെ, ആകാശംമുട്ടെ തലയുയർത്തി നിന്ന പാറയുടെ സ്ഥാനത്ത് അഗാധമായ കുളം രൂപപ്പെട്ടു. കുളത്തിന്റെ ഒരു വശത്തു നൂറ്റിയൻപതോളം അടി ഉയരത്തിൽ അവശേഷിക്കുന്ന പാറക്കെട്ടാണു ജില്ലകളുടെ അതിർത്തി. കാഴ്ചയുടെ സൗന്ദര്യമുണ്ടെങ്കിലും വിജനമായ സ്ഥലമാണിത്. പാറയുടെ താഴ്‌വാരത്ത് ആയിരവില്ലി ക്ഷേത്രം സ്ഥിതി ചെയ്യുകയാണ്.
പാറയുടെ മുകളിൽ എത്തണമെങ്കിൽ ക്ഷേത്രത്തിനു സമീപത്തു കൂടി തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലൂടെ പോകണം. ക്ഷേത്രത്തിൽ എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ പാറയുടെ മുകളിലേക്കു പോകാറുണ്ട്. മുകളിലെത്തിയാൽ ചടയമംഗലം ജടായുപ്പാറ, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങി ദൂരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. ഈ കാഴ്ചസൗന്ദര്യം തേടിയാണ് ആളുകളെത്തുന്നത്.പാറയുടെ അരികിൽ എത്തായാൽ താഴ്ചയിൽ പാറക്കുളമാണ്. ആദ്യമായി എത്തുന്നവർ അപകടം തിരിച്ചറിയില്ല. പാറയുടെ മുകളിൽ സുരക്ഷയ്ക്കായി ഇരുവേലി സ്ഥാപിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.