" പോക്സോ കേസുകൾ കൂടുന്നു; മുന്നിൽ തിരുവനന്തപുരം

സംസ്ഥാനത്ത് ഈ വർഷം ആകെ റിപ്പോർട്ട് ചെയ്തതു 3729 പോക്സോ കേസുകൾ. കഴിഞ്ഞ വർഷം 3559 ആയിരുന്നു കേസുകളുടെ എണ്ണം. 2 വർഷമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണു സംസ്ഥാനത്തു തുടരുന്നത്. ഈ വർഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്; 475 കേസുകൾ. മലപ്പുറം ജില്ലയിൽ 450 കേസുകളും എറണാകുളത്തു 368 കേസുകളും കോഴിക്കോട് 350 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് 322 കേസുകളും തൃശ്ശൂരിൽ 307 കേസുകളും റിപ്പോർട്ട് ചെയ്തു. 150നു മുകളിലാണ് ശേഷിക്കുന്ന ജില്ലകളിലെയും കേസുകളുടെ എണ്ണം. 

പോക്സോ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ സംസ്ഥാനത്തുണ്ട്. തനിക്കെതിരെ പ്രതിയുടെ ഭാഗത്തു നിന്നു 2 തവണ വധശ്രമം ഉണ്ടായിട്ടും പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്നു കാട്ടി മലപ്പുറം സ്വദേശിയായ അതിജീവിത അടുത്തിടെ രംഗത്തു വന്നിരുന്നു. പോക്സോ നിയമത്തിനു 10 വർഷം പൂർത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉൾപ്പെടെയുള്ള നിയമത്തിലെ പല നിർദ്ദേശങ്ങളും സംസ്ഥാനത്ത് ഇപ്പോഴും പ്രാവർത്തികമായിട്ടില്ല. പോക്സോ കേസുകൾ അന്വേഷിക്കാൻ മാത്രമായി പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും എന്നും പ്രഖ്യാപിച്ചിരുന്നു"