തിരുവനന്തപുരം: പുതുവത്സരാഘോഷ ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെയും കേസെടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. തിരുവനന്തപുരം കൊച്ചി മേഖലയിലെ ഹോട്ടലുകള്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹോട്ടലുകളില്‍ തങ്ങുന്ന വിദേശ പൗരന്‍മാരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പോലീസ്, എക്സൈസ്, ഹോട്ടല്‍ ഉടമകള്‍, കേന്ദ്ര ഏജന്‍സി പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഒരു സംയുക്ത ഓപ്പറേഷന്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം. കസ്റ്റംസും ഡി.ആര്‍.ഐയും ഈ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് കര്‍ശന നിര്‍ദേശം ഹോട്ടലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും അത് പാതിരാവിന് അപ്പുറത്തേക്ക് കടക്കാന്‍ പാടില്ലെന്നും ഒരു തരത്തിലുള്ള മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് ഉറപ്പുവരുത്തേണ്ടത് ഹോട്ടല്‍ ഉടമകളുടെ ഉത്തരവാദിത്വമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ഈ ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അതില്‍ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകും. ഹോട്ടലുടമകള്‍ക്കെതിരെയും കേസെടുക്കുമെന്നും പോലീസും എക്സൈസും വ്യക്തമാക്കുന്നു.