തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; വിരമിക്കൽ സൂചനയുമായി നെയ്മാർ

ലോകകപ്പിൽ നിന്ന് ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ വിരമിക്കൽ സൂചനയുമായി സൂപ്പർ താരം നെയ്മാർ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് നെയ്മാർ ആലോചിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് വേദനാജനകമായ നിമിഷമാണെന്നും രാജ്യത്തിനായി ഇനി കളിക്കുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന്‌ നെയ്മാർ പറഞ്ഞു.ദേശീയ ടീമിലേയ്ക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നില്ല, എന്നാല്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പ് നല്‍കുന്നില്ല. ഉചിതമായത് എന്ത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ ഒരു വികാരമാണ്. ഈ നിമിഷത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും നെയ്മാർ പറഞ്ഞു.ഖത്തറില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് നെയ്മാര്‍ കളം വിട്ടത്. എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചിട്ടും ജയിപ്പിക്കാകാത്തതിന്റെ സങ്കടത്തിലാണ് നെയ്മാര്‍ ലോകവേദിയില്‍ നിന്ന് മടങ്ങിയത്. ടീമിനായുള്ള ഗോള്‍ നേട്ടത്തില്‍ ഇതിഹാസ താരം പെലെയ്ക്കൊപ്പമെത്തിയിട്ടും മല്‍സരാവസാനം കരഞ്ഞുകൊണ്ട് കളം വിടാനായിരുന്നു നെയ്മാറിന്റെ വിധി. പരുക്ക് മാറി കഴിഞ്ഞ മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെ നെയ്മാര്‍ സ്കോര്‍ ചെയ്ത് തുടങ്ങിയത് ടീമിന് വലിയ ആശ്വാസമായിരുന്നു. ക്വാര്‍ട്ടറിലും ടീമിന്റെ പ്രതീക്ഷ നെയ്മാറിലായിരുന്നു.