ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സ്വാമി ശുഭാംഗനന്ദയെ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് യോഗം തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ശുഭാംഗാനന്ദ സ്വാമി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാമി നിലവിൽ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ്. നേരത്തെ ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരുധർമ്മ പ്രചരണ സഭയുടെ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.
കോട്ടയം ജില്ലയിൽ പാലാ രാമപുരം പന്തലാനിക്കൽ ബാലകൃഷ്ണന്റെയും ജാനകിയമ്മയുടെയും മകനായി 1964 കോഴിക്കോട് തിരുവമ്പാടിയിലായിരുന്നു ജനനം. പൂർവ്വാശ്രമത്തിൽ വത്സരാജ് എന്നായിരുന്നു പേര്. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിലെ പഠന ശേഷം കോടഞ്ചേരി ഗവൺമെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളജിൽ ഉപരിപഠനം നടത്തി. 1986 ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് ഏഴു വർഷ പഠനം പൂർത്തിയാക്കി 1993 ൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ശാശ്വതീകാനന്ദ സ്വാമിയിൽ നിന്നും സന്യാസം സ്വീകരിച്ചു സ്വാമി ശുഭാംഗാനന്ദയായി.
1994 ൽ ശിവഗിരി മഠം ശാഖാസ്ഥാപനമായ കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറിയായി. 2001 ൽ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗമായപ്പോൾ പ്രായം മുപ്പത്തിയേഴ് വയസ്സ്. ബോർഡിലെ പ്രായം കുറഞ്ഞയാളായിരുന്നു സ്വാമി. 2008 ൽ വീണ്ടും ട്രസ്റ്റ് ബോർഡ് അംഗമായി. അക്കൊല്ലം തന്നെ തൃശ്ശൂർ പൊങ്ങണംകാട് ശ്രീനാരായണ സേവാമന്ദിരത്തിന്റെ സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുത്ത്. 2009 ൽ പെരിങ്ങോട്ടുകര ശ്രീനാരായണ സോമശേഖര ക്ഷേത്രത്തിന്റെയും സെക്രട്ടറി സ്ഥാനവും സ്വാമിക്കായി. കൂർക്കഞ്ചേരിയിലെ വിവിധ ശ്രീനാരായണവിദ്യാലയങ്ങളുടെ കോർപ്പറേറ്റ് മനേജരായി നിയോഗിക്കപ്പെട്ടു. ഏഴു തവണ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2014 മുതൽ ഗുരുദേവന്റെ ജന്മം കൊണ്ടു പുണ്യം നിറഞ്ഞ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി നേരത്തെ ചുമതല വഹിച്ചിരുന്ന കേന്ദ്രങ്ങളിലെന്ന പോലെ ഇവിടെയും വൻ വികസനങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധാലുവായി.
കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സെക്രട്ടറിയുടെ ചുമതല ഏൽക്കുമ്പോൾ മുടങ്ങി കിടന്ന ശ്രീനാരായണ തീർത്ഥർ സ്വാമി ഓഡിറ്റോറിയം പൂർത്തികരിക്കുകയുണ്ടായി ഒപ്പം വർഷംതോറും തീർത്ഥർ സ്വാമിയുടെ ജയന്തി ആഘോഷം വിപുലമായ രീതിയൽ സംഘടിപ്പാക്കാനും സ്വാമിക്കായി. പൊങ്ങണംകാട് ആശ്രമം ചുമതല നിർവഹിച്ചപ്പോൾ ആശ്രമവും ക്ഷേത്രവും പുനരുദ്ധരിക്കുകയുണ്ടായി പെരിങ്ങോട്ട് കര ആശ്രമത്തിലും തന്റെ കർമ്മ ശേഷി സ്വാമി വിനിയോഗിച്ചു. ദേശവാസികളുടെ സഹകരണത്തോടു കൂടി കോടികളുടെ വികസനം നടപ്പിലാക്കി.
ചെമ്പഴന്തി ഗുരുകുലത്തിൽ സംസ്ഥാന സർക്കാറിന്റെ പങ്കാളിത്തോടെ പണികഴിപ്പിച്ച അന്തർദേശീയ ശ്രീനാരായണ കൺവൻഷൻ സെന്റർ ശുംഭാഗാനന്ദ സ്വാമിയുടെ പ്രവർത്തന മേഖലയിൽ എക്കാലവും ശ്രദ്ധിക്കപ്പെടും ശിവഗിരി മഠത്തിന്റെ വികസനകാര്യങ്ങളിൽ ഒട്ടേറെ സംഭാവനകൾ സമർപ്പിക്കാൻ കഴിയുമെന്നു ശ്രീനാരായണ സമൂഹത്തിന് ഏറെ വിശ്വസമുണ്ട്. തീർത്ഥാടന നവതിയുടെ സമാപനമാണ് ചുമതലയേറ്റ് വേളയിൽ സ്വാമിയുടെ പ്രധാന ദൗത്യം.
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് ബോർഡ് യോഗം ശുംഭാഗനന്ദ സ്വാമിയെ തെരഞ്ഞെടുത്തതിനെ തുടർന്ന് മഹാസമാധിയിൽ സത്യപ്രതിജ്ഞ നടന്നു. സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി സ്വാമി ഋതംഭാരനന്ദ രേഖകൾ കൈമാറി. സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രുപാനന്ദ, തുടങ്ങി ബോർഡ് അംഗങ്ങളും ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ അഡ്വ. പി.എം. മധു, വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, ജോയിന്റ് രജിസ്ട്രാർ സി.റ്റി. അജയകുമാർ വർക്കല മുൻസിപ്പൽ ചെയർമാൻ അഡ്വ. പി.എം.ലാജി, തുടങ്ങിയവരും ഭക്ത ജനങ്ങളും പങ്കെടുത്തു. പിന്നാലെ ഓഫീസിലെത്തി ചുമതലയേറ്റു.
ഇക്കാഴിഞ്ഞ ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചതും ശുഭാംഗാനന്ദ സ്വാമിക്കായിരുന്നു.