നാഗ്പൂരില്‍ മരിച്ച മലയാളി സൈക്കിള്‍ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ സംസ്‌കാരം ഇന്ന്. മൃതദേഹം അല്‍പസമയത്തിനുള്ളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. ആലപ്പുഴ അമ്പലപ്പുഴയില്‍ എത്തിക്കുന്ന മൃതദേഹം 11 മണി മുതല്‍ നീര്‍ക്കുന്നം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. 12.30ന് കാക്കാഴം പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കാരം. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. നാഷണല്‍ സബ് ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ.