ഇരട്ടകൾക്ക് ഒരു ഭർത്താവ്; പരാതി, വരനെതിരെ കേസെടുത്തു,

യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. മാലേവാഡിയിൽനിന്നുള്ള രാഹുൽ ഫൂലെയാണ് വിവാഹത്തിനെതിരേ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്‌ലുജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യമുയർന്നിട്ടുണ്ട്. സഹോദരിമാരെ ഒരാൾ വിവാഹം ചെയ്തതിൽ നിയമപ്രശ്നമുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. 

പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ അതുലിനെ ആണ് ഐടി എൻജിനീയർമാരായ റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതൽ ഒരുമിച്ചുവളർന്ന ഇരുവർക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. അടുത്തിടെയാണ് യുവതികളുടെ അച്ഛൻ മരിച്ചത്. രോഗിയായ അമ്മയുമായി അതുലിന്റെ വാഹനത്തിലാണ് സഹോദരിമാർ ആശുപത്രിയിലേക്ക് പതിവായി പോയിരുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണു റിപ്പോർട്ടുകൾ.

വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാർത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി.