വീരോചിതം കാമറൂൺ
രണ്ടാം നിരയാണ് കളത്തിൽ എന്ന് കടലാസിൽ പറയുമെങ്കിലും ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളാണ് ബ്രസീലിന് വേണ്ടി എല്ലാ പൊസിഷനിലും ഉണ്ടായിരുന്നത്. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും മിന്നും വിജയം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയതെന്ന് കാനറികളുടെ കുതിപ്പുകൾ വ്യക്തമാക്കി. ആദ്യ നിമിഷങ്ങളിൽ ആന്റണി, പിന്നീട് മാർട്ടിനെല്ലി, അതു കഴിഞ്ഞ് റോഡ്രിഗോ എന്നിവരുടെ അതിവേഗ നീക്കങ്ങൾ തടയിടാൻ കാമറൂൺ നന്നേ പണിപ്പെട്ടു. പലപ്പോഴും ഫൗളുകളിലൂടെയാണ് കാമറൂൺ അപകടം ഒഴിവാക്കിയത്. മൂന്ന് മഞ്ഞ കാർഡുകൾ ആദ്യ പകുതിയിൽ തന്നെ ആഫ്രിക്കൻ സംഘത്തിന് ലഭിച്ചു. 14-ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ബ്രസീലിന് ലഭിക്കുന്നത്.പിറന്നത്. നായകൻ വിൻസെന്റ് അബൂബക്കറിന്റെ തലപ്പാകത്തിനാണ് എംബെക്കലിയുടെ ക്രോസ് എത്തിയത്. എഡേഴ്സണെ വെറും നോക്കുകുത്തിയാക്കി പന്ത് ഗോൾ വര കടന്നു.
ഇഞ്ചോടിഞ്ച്, ഒടുവിൽ സ്വിസ് വിജയം
ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പൊരുതുന്ന സെർബിയയും സ്വിറ്റ്സർലാൻഡുമായിരുന്നു കളത്തിൽ. സെർബിയൻ സ്വപ്നങ്ങൾക്ക് മേൽ പടർന്നു കയറി സ്വിസ്സിന് വേണ്ടി 20-ാം മിനിറ്റിൽ തന്നെ ഷാഖിരി ആദ്യ പ്രഹരം ഏൽപ്പിച്ചു. സൗവ്വിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. വെറും ആറേ ആറ് മിനിറ്റുകൾ മതിയായിരുന്നു സെർബിയക്ക് അതിന് മറുപടി കൊടുക്കാൻ. ടാഡിച്ചിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെ ഗോൾ നേടിയ മിട്രോവിച്ച് സെർബിയയുടെ എക്കാലത്തെയും ടോപ്പ് സ്കോറർ എന്ന നേട്ടവും കൂടെ പേരിലെഴുതി.
സമനില ഗോളിന്റെ ആരവം ഗാലറിയിൽ ഒടുങ്ങുന്നതിന് മുമ്പ് വ്‍ലാഹോവിച്ചിലൂടെ സെർബിയ മുന്നിലെത്തി. ഒന്ന് വിയർത്തെങ്കിലും ആദ്യ പകുതിയിൽ തന്നെ സമനില കണ്ടെത്തിയാണ് സ്വിസ് നിര തിരികെ കയറിയത്. 44-ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്സർലാൻഡിന്റെ രക്ഷകനായത്. ആദ്യ പാതിയിൽ നിർത്തിയിടത്ത് നിന്നാണ് സ്വിസ് സംഘം രണ്ടാം പകുതിയിൽ തുടങ്ങിയത്. വർഗാസ് ഒരുക്കി തന്ന അവസരത്തിൽ ഫ്രൂളർക്ക് ലക്ഷ്യം പിഴച്ചില്ല, സ്വിറ്റ്സർലാൻഡ് മുന്നിലെത്തി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും സെർബിയക്ക് ഇതിന് മറുപടി നൽകാനായില്ല.