ആദ്യ പകുതിയിൽ രണ്ട് ഗോളിന് അർജൻ്റീനിയൻ മുന്നേറ്റം

ആദ്യ പകുതിയിൽ രണ്ട് ഗോളിന് അർജൻ്റീനിയൻ മുന്നേറ്റം
ആദ്യ പകുതിക്ക് 10 മിനിറ്റ് ബാക്കി നിൽക്കെ ലെയ്ണൽ മെസിയുടെ പെനാൽറ്റിയിൽ അർജൻ്റീന ക്രൊയേഷ്യക്കെതിരെ ഒരു ഗോളിന് മുന്നിലായി.
തൊട്ട് പിന്നാലെ അർജൻറീനയുടെ സെൻട്രൽ ഫോർവേർഡ് ജൂലിയൻ അൽവാരിസ് ഗ്രൗണ്ടിന് മധ്യത്തിൽ നിന്ന് ഏകനായി നടത്തിയ മുന്നേറ്റം ഉജ്വമായ ഒരു ഗോളിൽ കലാശിച്ചു.

ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശ സെമിഫൈനൽ പോരാട്ടത്തിന്റെ ആദ്യപകുതിയിൽ, അഞ്ച് മിനിറ്റിനിടെയാണ് രണ്ടു ഗോളടിച്ച് അർജന്റീന മുന്നിലായത്. 34–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സൂപ്പർതാരം ലയണൽ മെസ്സിയും 39–ാം മിനിറ്റിൽ യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയുന്നതിനായി താരത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ, ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപ്പെയ്ക്കൊപ്പമെത്തി.

പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ഇടയ്ക്ക് ലയണൽ മെസ്സിയുടെ പ്രതിഭയുടെ മിന്നലാട്ടം കണ്ട നീക്കമൊഴിച്ചാൽ ക്രൊയേഷ്യയാണ് കളത്തിൽ ആധിപത്യം പുലർത്തിയത്. ലൂക്കാ മോഡ്രിച്ച് – ബ്രോസോവിച്ച് – കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കൂടുതൽ സമയവും കാഴ്ചക്കാരായി. പക്ഷേ ഗാലറിയിൽ ആവേശം പടർത്തിയ മുന്നേറ്റങ്ങളിലൂടെയും വന്നത് അർജന്റീന നിരയിൽ നിന്നാണ്.