കടയ്ക്കാവൂരിൽ യുവതി ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. മണമ്പൂർ പന്തടിവിള ഓംങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്‍റെ മാനസികപീഡനം മൂലമാണ് ശരണ്യ മരിച്ചതെന്നാണ് അവർ ആരോപിക്കുന്നത്. ശരണ്യയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
2022 മെയ് 12നാണ് ചിറക്കര സ്വദേശി വിനോദുമായി ശരണ്യയുടെ വിവാഹം നടക്കുന്നത്. പാർതുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹ ശേഷം ശരണ്യയെ സ്ത്രീധന കാര്യം പറഞ്ഞും അവിഹിത ബന്ധങ്ങൾ ആരോപിച്ചും ഭർത്താവ് മാനസികമായും ശരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ശരണ്യക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നുവെന്നും ശരണ്യയുടെ മാതാവ് പറയുന്നു.
ശരണ്യയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം ഭർത്താവിന്റെ ഫോണിൽ കണ്ട മറ്റൊരു സ്ത്രീയുമായുള്ള ചിത്രത്തെ കുറിച്ച് ശരണ്യ ചോദ്യം ചെയ്യുകയും അതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മ അജിത പറയുന്നു.
28 കാരിയായ ശരണ്യ പഠിത്തത്തിൽ ഏറെ മിടുക്കിയായിരുന്നു. എംബിഎ മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശരണ്യ കൊല്ലത്ത് ഐ.എൽ.ടി.എസ് കോച്ചിങ്ങിനു പോകുകയായിരുന്നു. സംഭവ ദിവസം പതിവ് പോലെ കൊല്ലത്ത് പോകാൻ ചാത്തന്നൂരിൽ ഭർത്താവുമായി എത്തിയ ശേഷം ശരണ്യ ബസിൽ കയറി പോയി.
എന്നാൽ ഫോൺ സ്വിച്ചു ഓഫ് ആക്കി ശരണ്യ നേരെ വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിൽ ആളില്ലായിരുന്നു. പിന്നീടാണ് ശരണ്യയുടെ മരണ വാർത്ത വീട്ടിൽ എത്തുന്നത്. ശരണ്യയുടെ പിതാവും സഹോദരനും വിദേശത്ത് ജോലി നോക്കുന്നവരാണ്. വിവാഹത്തിന് ഇരുവരും നാട്ടിൽ ഇല്ലായിരുന്നു. ഇപ്പോൾ മരണവാർത്ത അറിഞ്ഞാണ് സഹോദരൻ നാട്ടിൽ എത്തിയത്. വിവാഹശേഷം തന്നെ ഒന്ന് വിളിക്കാൻ പോലും ശരണ്യക്ക് ഭർത്താവ് അനുവാദം നൽകിയിരുന്നില്ല എന്ന് സഹോദരൻ ശരത് പറയുന്നു
മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.