പിൻബെഞ്ചുകാരിയെന്ന് പരിഹസിച്ചു; പി.എസ്.സി റാങ്ക് നേടി മറുപടി നൽകി നീതു

നെയ്യാറ്റിൻകര : ക്ലാസിൽ പിൻബെഞ്ചുകാരി, അധ്യാപകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അറിയാത്തവൾ എന്നെല്ലാമുള്ള കോച്ചിംഗ് ക്ലാസിലെ സുഹൃത്തുക്കളുടെ പരിഹാസത്തിന് നീതു മറുപടി നൽകിയത് പി.എസ്.സി പരീക്ഷയിൽ റാങ്ക് നേടി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സി.എസ് നീതു ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിലാണ് റാങ്ക് നേടിയത്.അമ്മയും,സഹോദരനും മാത്രമടങ്ങുന്ന കുടുംബത്തിന് തണലാകുവാൻ ജോലി നേടണമെന്ന ആഗ്രഹത്തോടെയാണ് നീതു പി.എസ്.സി കോച്ചിംഗിന് പോകാൻ തീരുമാനിച്ചത്. എന്നാൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ അടിസ്ഥാന അറിവുകൾ ഇല്ലാതെ ക്ലാസിൽ എത്തിയ നീതു, പിൻബെഞ്ചിൽ ഒന്നും മിണ്ടാതെ ഒതുങ്ങിയതോടെ മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് പാത്രമായി.കഷ്ടപ്പെട്ട് പണം മുടക്കി കോച്ചിംഗിന് അയച്ച കുടുംബത്തെ ഓർത്ത നീതു പിന്നീട് ലക്ഷ്യബോധത്തോടെ പഠിച്ച് തുടങ്ങുകയായിരുന്നു. കണക്ക് ചെയ്ത് പഠിക്കുകയും, മറ്റുള്ള വിഷയങ്ങൾ ഉറക്കെ വായിക്കുകയും ചെയ്തു. കൊറോണക്കാലത്ത് വൈകിട്ട് 4 മുതൽ വെളുപ്പിന് 6 വരെ പഠനം. ആദ്യമായി എഴുതിയ പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. ഒടുവിൽ അർഹിച്ച വിജയം ഈ മിടുക്കിയെ തേടിയെത്തി. ലാസ്റ്റ് ഗ്രേഡ് കിട്ടിയാലും, കൂടുതൽ ഉയരങ്ങളിലെത്താൻ പഠനം തുടരാനാണ് നീതുവിന്റെ തീരുമാനം.