കുഴഞ്ഞുവീണതായി അഭിനയിക്കും, മാല പൊട്ടിച്ചോടും; മൂവർസംഘം പിടിയിൽ

കൊച്ചി • തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു കടന്നുകളഞ്ഞിരുന്ന സംഘം പൊലീസ് പിടിയിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വയോധികയുടെ 2 പവന്‍റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും ഇവർ മോഷ്ടിച്ചതു കണ്ടെത്തി.

വളരെ തന്ത്രപരമായാണ് മൂവര്‍ സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞുവീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ബസിലും തിരക്കു കൂട്ടിയാണ് മാല കവർന്നത്. അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് പിടിയിലാകുന്നത്. കഴിഞ്ഞ മാസമാണ് ശാന്തി ജയിലിൽ നിന്നിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.