തലസ്ഥാനം ഇന്ന് മുതല്‍വസന്തം വര്‍ണാഭം

പൂക്കാലം വരവായി.......... തലസ്ഥാലത്തിന് പൂ വസന്തമായി

തലസ്ഥാന നഗരത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ പുഷ്പോത്സവം ഇന്നാരംഭിക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെയാണ് 'നഗരവസന്തം' സംഘടിപ്പിക്കുന്നത്. പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

കനകക്കുന്നിലും നിശാഗന്ധിയിലും സൂര്യകാന്തിയിലുമായി ഒരുക്കുന്ന പുഷ്പോത്സവ പ്രദര്‍ശനത്തിലേക്ക് നാളെ വൈകിട്ട് 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.തിരക്ക് ഒഴിവാക്കുന്നതിന് നഗരത്തിലെ 5 കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവാഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്പോത്സവ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടഗോര്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടാകും.

പ്രദര്‍ശനം രാത്രി ഒരു മണിവരെ നീളും. രാത്രി 12 വരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭിക്കും. നൂറുകണക്കിന് ഇന്‍സ്റ്റലേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റലേഷനുകള്‍ കേന്ദ്രീകരിച്ചാണ് പൂക്കളും ചെടികളും ക്രമീകരിക്കുന്നത്. വിപുലമായ കട്ട് ഫ്‌ലവര്‍ പ്രദര്‍ശനം,ബോണ്‍സായ് പ്രദര്‍ശനം,അലങ്കാര മത്സ്യ പ്രദര്‍ശനം,അഡ്വഞ്ചര്‍ ഗെയിംസ്, 9ഡി തിയറ്റര്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികള്‍ മാറ്റു കൂട്ടും.

സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണന്‍കുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാരിയര്‍, ഗോപിക വര്‍മ, പ്രിയ വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികള്‍ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനല്‍ മ്യൂസിക്കല്‍ ബാന്‍ഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. നിരത്തിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫുഡ്കോര്‍ട്ടും സൂര്യകാന്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തിന്‍റെ പുഷ്പോത്സവം പൂര്‍വ്വാധികം സജീവമായി സംഘടിപ്പിക്കുകയാണ്. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇന്ന് വൈകിട്ട് പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. 

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും 68 ലക്ഷം രൂപ ചിലവഴിച്ച് കേരള റോസ് സൊസൈറ്റിയുടെയും തിരുവനന്തപുരം നഗരസഭയുടെയും സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. 
 
സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്‍റെ ഇരുവശങ്ങളും നഗര വസന്തത്തിന്‍റെ ഭാഗമായി ഉദ്യാനം ഒരുക്കും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്‍റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയും നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും അലങ്കാര മത്സ്യ പ്രദർശനം ഫുഡ്‌ കോർട്ട് എന്നിങ്ങനെ രാപ്പകല്‍ നാഗരം ആഘോഷമാക്കാനുള്ള വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.  

കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. നാളെ (22-12-2022) വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്‍റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസ്, വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ എന്നിങ്ങനെ നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.