ഇനി സ്റ്റാറ്റസ് ഇടുമ്പോള്‍ ശ്രദ്ധിക്കണം, പിടിവീഴും!; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് പ്രഖ്യാപിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.നിലവില്‍ വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താവിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, സംശയം തോന്നുന്ന വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. ഭാവി അപ്ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വന്നേക്കാം.

സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റ് വാട്‌സ്ആപ്പിന്റെ മോഡറേഷന്‍ ടീമിനെ അറിയിക്കാന്‍ സാധിക്കുന്നവിധം സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ ഓപ്ഷന്‍ അവതരിപ്പിക്കും. ഇതിലൂടെ വാട്‌സ്ആപ്പ് കമ്പനിക്ക് പോളിസിക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ലംഘനം നടന്നതായി ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ കഴിയുംവിധം സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്