ജൈവകൃഷിയിൽ നൂറുമേനി വിജയവുമായി പള്ളിച്ചൽ പഞ്ചായത്ത്

പുഷ്പകൃഷിയിൽ മാതൃക തീർത്ത പള്ളിച്ചൽ പഞ്ചായത്തിന് ജൈവ പച്ചക്കറി കൃഷിയിലും വിജയക്കൊയ്ത്ത്. പൂകൃഷിയുടെ അടുത്ത ഘട്ടം ആരംഭിക്കുന്നത്തിന് മുന്നോടിയായാണ് ഇടക്കാല പച്ചക്കറി കൃഷി നടത്തുന്നത്. പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്. ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്.

കർഷകശ്രീ എന്ന കുടുംബശ്രീ സംഘമാണ് കൃഷിക്ക് നേതൃത്ത്വം നൽകുന്നത്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന വെള്ളരി, വെണ്ട, കത്തിരി, പയർ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ സംഘം വഴി മിതമായ നിരക്കിൽ വിപണിയിലേക്ക് നേരിട്ടത്തിക്കുന്നു. ഇതിനു പുറമെ പഞ്ചായത്ത് പാട്ടത്തിനായി എടുത്ത രണ്ടേക്കർ സ്ഥലത്തേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.