ഡിസംബർ ആറിനോട് അനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷ. കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്. വന മേഖലയിൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി.
സന്നിധാനത്തെ തന്ത്ര പ്രധാന മേഖലകളിൽ അടക്കം പോലീസും കേന്ദ്ര സേനയും ചേർന്ന് സുരക്ഷാ വലയം തീർത്തിരിക്കുകയാണ്. ഭക്തരെ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ ആകും.
സന്നിധാനത്ത് കേന്ദ്ര സേനകളുടെ നേതൃത്വത്തിൽ റൂട്ട് മാർച്ചു നടത്തി. സന്നിധാനത്തും പതിനെട്ടാം പടിയ്‌ക്ക് താഴെയും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണ പറത്തൽ നടത്തിയിരുന്നു. പമ്പ, നിലയ്‌ക്കൽ, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പോലീസ് ഇന്നലെ നിരീക്ഷണം നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചലത്തലത്തിലാണ് ഇത്തവണ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.