*കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ മുങ്ങിമരിച്ചു*

തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസുകാരൻ മുങ്ങിമരിച്ചു. മണക്കാട് നെടുങ്കാട് മങ്ങാട്ടുകോണം സുരേഷ് ഭവനിൽ ആദിത്യനാണ് (15) മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. കരമനയാറ്റിലെ പാറയിൽക്കടവ് ഭാഗത്ത് സുഹൃത്തിനൊപ്പമാണ് ആദിത്യൻ കുളിക്കാനിറങ്ങിയത്. ആദിത്യൻ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിലവിളിച്ച് ആളെക്കൂട്ടി. വിവരമറിഞ്ഞ് കരമന പൊലീസും ഫയർഫോഴ്സുമെത്തി. ചെങ്കൽച്ചൂളയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഷാഫി, റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വിജിൻ, ഡ്രൈവർ ദീപു, ഫയർമാൻ അരുൺ എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. കരയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. സുരേഷ്‌കുമാർ – ബിബിത കൃഷ്ണൻ ദമ്പതികളുടെ മകനാണ്. പട്ടം സെന്റ്‌ മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്.