മന്ത്രി എംബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ശനിയാഴ്ച്ച രാവിലെയോടെ തന്നെ ഭൗതിക ശരീരം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷമാണ് ഔദ്യോഗികമായി ബഹുമതികൾ അർപ്പിച്ച് വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിച്ചത്. അവിടെ നിന്ന് സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് എത്തിച്ചത്. മാത്തൂർ വരെയുള്ള പാതയോരങ്ങളിൽ റോഡിനിരുവശത്തും നിന്ന് ആളുകൾ വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. വൈശാഖിൻ്റെ സുഹൃത്തുക്കളും നാട്ടുകാരും വളരെ വൈകാരികമായാണ് ആ ആ ഈ വിലാപയാത്രയെ സ്വീകരിച്ചത്. രാത്രി 9.30 ഓടെ ഭൗതിക ശരീരം മാത്തൂർ ചെങ്ങണിയൂർകാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചു. നാളെ രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം മാത്തൂർ ചുങ്കമന്ദം യു.പി സ്ക്കൂളിൽ പൊതു ദർശനത്തിന് വെക്കും. രണ്ട് മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മാശനത്തിൽ സംസ്കരിക്കും.മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശിയാണ് വൈശാഖ്(26). നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് സിക്കിമിൽ ജീവൻ നഷ്ടമായത്. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പോസ്റ്റ്മാർട്ടം ഉൾപ്പടെയുള്ള നടപടികൾ ഗാങ്ടോക്കിൽ വെച്ച് പൂർത്തിയായതായാണ് വിവരം.ഒക്ടോബറിലാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിലേയ്ക്ക് മടങ്ങിയത്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം ഉണ്ടായത്. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.