തിരുവനന്തപുരം : കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് സർവ്വീസിൽ വ്യാപകമായ പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങൾ കണ്ടെത്തി. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽനിന്ന് തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദ്ദേശം. ബാക്കി കണ്ടക്ടർമാരിൽനിന്നു രണ്ടാംഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനക്കാരെ പുറത്താക്കും.
ബെംഗളൂരു ഉൾപ്പെടെ ദീർഘദൂര സർവ്വീസുകളിലാണ് ടിക്കറ്റ് തിരിമറി നടക്കുന്നത്. യാത്രക്കാരിൽനിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്കു സൗജന്യയാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിനു പുറമേ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽനിന്നു ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്കു നൽകുന്ന തട്ടിപ്പു വരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ടെന്നാണു പരിശോധനാ സംഘത്തിന്റെ റിപ്പോർട്ട്.ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നതു മാത്രമല്ല, ടിക്കറ്റ് തിരികെവാങ്ങുന്നുവെന്നു യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെഎസ്ആർടിസി ചെക്കിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.