അവനവഞ്ചേരി മേഖലയിൽ മരപ്പട്ടി ശല്യം രൂക്ഷം.

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം തച്ചൂർകുന്ന് ശ്രീവിശാഖിൽ ജയചന്ദ്രൻ നായരുടെ വീട്ടുവളപ്പിലേക്ക് കടന്നെത്തിയ മരപ്പട്ടിയാണ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്. വീട്ടുവളപ്പിലെ മതിലിൽ ഇരുപ്പുറപ്പിച്ച മരപ്പട്ടിയെ തുരത്താൻ ഗൃഹനാഥൻ പടിച്ചപണി പതിനെട്ടും നോക്കി. ഒടുവിൽ പടക്കം പൊട്ടിച്ചും ശബ്ദ കോലാഹലം മുഴക്കിയും വല്ലവിധേനയും ഇതിനെ ഓടിച്ചു വിട്ടു. ഇത്തരം വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടന്നെത്തുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുന്നു. നിലവിൽ തെരുവുനായ ശല്യവും, പന്നി ശല്യവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾ മരപ്പട്ടി, കാട്ടുപൂച്ച പോലെയുള്ള അപകടകാരികളായ വന്യമൃഗങ്ങളെ കൂടി സഹിക്കേണ്ട അവസ്ഥയാണ്. വന്യജീവി സംരക്ഷണ നിയമം ഡെമോക്ലീസിന്റെ വാളായി തലക്കു മീതെ തൂങ്ങി നിൽക്കുമ്പോൾ ജനവാസ മേഖലയിൽ നിന്ന് ഇവറ്റകളെ അകറ്റാനുള്ള പരസഹായം പോലും മിക്കപ്പോഴും ലഭിക്കാറില്ല.