കെ. കരുണാകരൻ. മുഴുവൻ പേര് കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: ജൂലൈ 5, 1918; മരണം:ഡിസംബർ 23, 2010 ) നാലു തവണ കേരള മുഖ്യമന്ത്രിയും ദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2010 ഡിസംബർ 23-ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
*ജീവിതരേഖ*
ബാല്യം വിദ്യാഭ്യാസം
1918 ജൂലൈ 5-ന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാരിനു കീഴിൽ ഒരു ശിരസ്തദാർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാമുണ്ണി മാരാർ. അദ്ദേഹത്തിനു രണ്ട് മുതിർന്ന സഹോദരന്മാരുണ്ടായിരുന്നു. യഥാക്രമം കുഞ്ഞിരാമമാരാരും, ബാലകൃഷ്ണമാരാരും. ദാമോദരമാരാർ എന്ന ഒരു ഇളയ സഹോദരനും കരുണാകരനുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കരുണാകരന് 5 വയസ്സുള്ളപ്പോൾ അവരുടെ ഏകസഹോദരി ദേവകി മരണപ്പെട്ടു.
ബാലനായിരിക്കുമ്പോൾ തന്നെ, നീന്തലിലും , ഫുട്ബോളിലും , വോളിബോളിലും അതീവ തല്പരനായിരന്നു അദ്ദേഹം. ചിത്രകലയിലും മിടുക്കനായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപ്പേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വടകര ലോവർ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്, പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ ജയിച്ചതിനു ശേഷം തൃശ്ശൂർ ആർട്സ് കോളേജിൽ കരുണാകരൻ ചിത്രമെഴുത്തും ഗണിതശാസ്ത്രവും ചെയ്തിരുന്നു. കണ്ണിൽ നിന്ന് വെള്ളം ചികിത്സക്കായി ചേട്ടനായ കുഞ്ഞിരാമമാരാരുമായി അദ്ദേഹം തൃശ്ശൂരിലെ വെള്ളാനിക്കരയിലുള്ള തന്റെ അമ്മാവനായ പുത്തൻവീട്ടിൽ രാഘവൻ നായരുടെ വസതിയിലേക്കു താമസം മാറ്റി. അമ്മാവൻ രാഘവൻ നായരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. കല്യാണിക്കുട്ടിയമ്മയ്ക്ക് അപ്പോൾ 30 വയസ്സായിരുന്നു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്.
*മരണം*
വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. 2010 ഒക്ടോബർ 21 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്. മകൻ മുരളീധരൻ ചിതയ്ക്ക് തീകൊളുത്തി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ ആറാം ചരമവാർഷികദിവസമായിരുന്നു കരുണാകരന്റെ അന്ത്യം. റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കരുണാകരനാണ്. എന്നാൽ, പിന്നീട് 1995-ൽ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി പകരം എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കുന്നതിൽ റാവുവും പങ്കുവഹിച്ചിരുന്നു.
*കാറപകടം*
1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴ് മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
*രാഷ്ട്രീയത്തിലേക്ക്*
സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയപ്രവേശനം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവർത്തകനായി തുടങ്ങിയ കരുണാകരൻ പിന്നീട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിൽ അംഗമായി 1945 മുതൽ 1947 വരെ സേവനം അനുഷ്ഠിച്ചു. കേരളരാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തിയാണ് കരുണാകരൻ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
1937 ൽ തൃശ്ശൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേയ്ക്ക് ആദ്യത്തെ പടി ചവിട്ടി.
"ഹരിപുര കോൺഗ്രസിന്റെ" തീരുമാനപ്രകാരം നാട്ടുരാജ്യങ്ങൾക്ക് പ്രത്യേകസംഘടനകൾ രൂപീകൃതമായപ്പോൾ 1940 ൽ രൂപംകൊണ്ട കെ.പി.സി.സി.യിൽ കരുണാകരൻ അംഗമായി.
ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942 ൽ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ കരുണാകരനുമുണ്ടായി. വിയ്യൂർ ജയിലിൽ ഒൻപത് മാസം കിടന്നു.
സീതാറാം മിൽ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്.
1944-ൽ കേരള ലേബർ കോൺഗ്രസ് രൂപംകൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി.
സീതാറാം മിൽ, അളഗപ്പ ടെക്സ്റ്റൈൽ, വെള്ളാനിക്കര തട്ടിൽ, താണിക്കുടം മേപ്പാടം, പാലപ്പിള്ളി എസ്റ്റേറ്റുകൾ, അന്തിക്കാട് ചെത്ത് തൊഴിലാളി യൂണിയൻ, തൃശ്ശൂർ പീടിക തൊഴിലാളി യൂണിയൻ, കണ്ടശ്ശാംകടവ് ചകിരി തൊഴിലാളി യൂണിയൻ എന്നിവയെല്ലാം കരുണാകരന്റെ സംഘടനാസാമർത്ഥ്യത്തിൽ നിന്ന് ഉയർന്നു വന്നവയാണ്.
മക്കൾ രാഷ്ട്രീയം കരുണാകരന്റെ ജനപ്രിയതയെ ഒരുപാട് താഴ്ത്തി. മകൻ കെ. മുരളീധരനോടൊപ്പം ജനാധിപത്യ ഇന്ദിരാകോൺഗ്രസ് (കരുണാകരൻ) (ഡി.ഐ.സി) എന്ന രാഷ്ട്രീയ കക്ഷി ഉണ്ടാക്കി കരുണാകരന്റെ നീണ്ട കോൺഗ്രസ്സ് ജീവിതത്തിനു വിരാമം ഇട്ടു [അവലംബം ആവശ്യമാണ്]. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കരുണാകരൻ ഡി.ഐ.സി.യിൽ പ്രവർത്തിച്ചു. 2005 മേയ് ഒന്നിന് തൃശ്ശൂരിൽ വച്ചായിരുന്നു ഡി.ഐ.സി.യുടെ രൂപവത്കരണം. ആദ്യം 'നാഷണൽ കോൺഗ്രസ് (ഇന്ദിര)' എന്നായിരുന്നു പേര്. എന്നാൽ, ആ പേര് ശരിയല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് 2005 ഓഗസ്റ്റിൽ അതിന്റെ പേര് മാറ്റുകയായിരുന്നു. പിന്നീട് 2006 നവംബർ 12-ന് ഡി.ഐ.സി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിക്കുകയും ചെയ്തു. എൻ.സി.പി.യുടെ പ്രവർത്തകസമിതി അംഗമായിരിക്കെ താനും അനുയായികളും കോൺഗ്രസ്സിലേക്കു തിരിച്ചു പോവുകയാണെന്ന് 2007 ഡിസംബർ പത്തിന് തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തിൽ കരുണാകരൻ പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം മരണം വരെയും കോൺഗ്രസ്സിൽ തുടർന്നു.
കെ. മുരളീധരൻ 2009-ൽ എൻ.സി.പി. സ്ഥാനാർത്ഥിയായി വയനാട്ടിൽ നിന്ന് ലോകസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ പാർട്ടി പുറത്താക്കി. പിന്നീട് അച്ഛന്റെ മരണശേഷം 2011 ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ്സിലേയ്ക്ക് തിരിച്ചെത്തിയത്. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് അദ്ദേഹം വിജയിച്ച് നിയമസഭാംഗമായി. 2016-ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
മകൾ പത്മജ വേണുഗോപാലും കോൺഗ്രസ് അംഗമായി രാഷ്ട്രീയത്തിൽ തുടരുന്നു. 2016-ൽ ഇവർ തൃശ്ശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് പരാജയപ്പെട്ടു.
*ലീഡർ*
കെ. കരുണാകരനെ കോൺഗ്രസ് പ്രവർത്തകർ വിളിച്ചുതുടങ്ങിയ ലീഡർ എന്ന വിശേഷണം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.