തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്കെ) പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കലാപക്കുറ്റത്തിനു കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് മർദ്ദിച്ചെന്ന് പ്രതിയാക്കപ്പെട്ട നിഹാരിക പറഞ്ഞു.ഒപ്പം കസ്റ്റഡിയിലായ നവീൻ കിഷോർ ചോര തുപ്പിയെന്നും അവർ വെളിപ്പെടുത്തി.
കേസെടുക്കില്ലെന്ന ഐഎഫ്എഫ്കെ അധികൃതരുടെ ഉറപ്പും ലംഘിക്കപ്പെട്ടെന്നു പെൺകുട്ടി ആരോപിച്ചു.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം.
റിസർവ് ചെയ്തിട്ടും ചിത്രം കാണാനാവാത്തതിനെ തുടർന്നായിരുന്നു ബഹളം. മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ ടാഗോർ തിയറ്ററിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3 നായിരുന്നു. രാവിലെ 11 മുതൽ തന്നെ ചിത്രം കാണാനായി നീണ്ട ക്യൂ ദൃശ്യമായിരുന്നു. റിസർവ് ചെയ്യാത്തവരും സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിൽ തിയറ്ററിനു മുന്നിലെത്തിയിരുന്നു. ബഹളവും ഉന്തും തള്ളുമായതോടെ പൊലീസ് എത്തി. ചലച്ചിത്രമേളയുടെ വേദിയിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡെലിഗേറ്റുകൾ മുദ്രാവാക്യം മുഴക്കി. പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ചാണ് പൊലീസ് തിയറ്റർ പരിസരത്തു നിന്നു നീക്കിയത്.