*വെഞ്ഞാറമൂട് ഗവണ്മെന്റ് യു.പി എസ്, പേരുമല ഗവണ്മെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങൾ ഉദ്‌ഘാടനം ചെയ്തു.
ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ സ്കൂളുകളിലായി മൂവായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതോടെ അക്കാദമിക രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടായതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് പ്രഥമ സ്ഥാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെഞ്ഞാറമൂട് ഗവണ്മെന്റ് യു.പി എസ്, പേരുമല ഗവണ്മെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങളും പേരുമലയിലെ പ്രീപ്രൈമറി വിഭാഗവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് യു.പി.എസ്സിലെ ബഹുനില മന്ദിരം പണിതത്. മൂന്ന് നിലകളുള്ള മന്ദിരത്തിന്റെ നിർമ്മാണം അന്താരാഷ്ട്ര നിലവാരത്തിലാണ്. പേരുമല ഗവണ്മെന്റ് എൽ.പി എസ്സിലെ ഇരുനില കെട്ടിടത്തിന് 75 ലക്ഷം രൂപ വിനിയോഗിച്ചു. മഴവിൽക്കൂടാരം എന്നാണ് കെട്ടിടത്തിന് പേര് നൽകിയത്. ഇവിടെ എസ്.എസ്.കെ സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച പ്രീപ്രൈമറി വിഭാഗവും പുതുതായി ആരംഭിച്ചു.