വിവാ​ഹ വേദിയിൽ നിന്നും വലത് കാല്‍ വെച്ച് ഐഎഫ്എഫ്കെയിലേക്ക് !

തലസ്ഥാനം മുഴുവൻ 27ാംമത് ഐഎഫ്എഫ്കെ ആരവത്തിലാണ്. എങ്ങും ഡെലി​ഗേറ്റുകളുടെ തിരക്കുകൾ. സിനിമയുടെ മാത്രമല്ല സൗഹൃദത്തിന്റെയും സം​ഗീതത്തിന്റെയും കൂട്ടായ്മ കൂടിയാണ് ഐഎഫ്എഫ്കെ. ഇതുപോലെ ആറ് വർഷം മുൻപ് ടാ​ഗോർ തിയറ്ററിൽ സിനിമ കാണാൻ എത്തി സൗഹൃദത്തിലായ സംവിധായകൻ സന്ദീപ് പാമ്പള്ളിയും സുരഭിയും ഇന്ന് വിവാഹിതരായിരിക്കുകയാണ്. വിവാഹ ശേഷം അതേ വേഷത്തിൽ തന്നെ ഇരുവും ഐഎഫ്എഫ്കെ വേദിയായ ടാ​ഗോർ തിയറ്ററിൽ എത്തിയതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ വധൂവരന്മാരെ മധുരം നൽകി സ്വീകരിച്ചു. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാമ്പള്ളിയുടെയും സുരഭിയുടെയും വിവാഹം. 'എന്റെ ജീവിതം ഏറ്റവും കൂടുതൽ തുടങ്ങുന്നത് ഐഎഫ്എഫ്കെയിൽ വച്ചാണ്. ഇതുപോലൊരു ഞായറാഴ്ചയാണ് സുരഭിയെ പരിചയപ്പെടുന്നത്. അത് പിന്നീട് ഫാമിലി സുഹൃത്തിലേക്ക് എത്തി. ഒരു ആറ് ഏഴ് മാസം മുൻപ് അമ്മയാണ് പ്രൊപ്പോസലുമായി മുന്നോട്ട് പോകുന്നത്', എന്ന് പാമ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2018ൽ മികച്ച നവാ​ഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം പാമ്പള്ളി സംവിധാനം ചെയ്ത സിഞ്ചാർ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. ലക്ഷദ്വീപിലെ ലിബിയില്ലാത്ത ജെസരി ഭാഷയിൽ ആയിരുന്നു ചിത്രം നിർമ്മിച്ചത്. കല്ലമ്പലം നാവായിക്കുളം സ്വദേശിയാണ് സുരഭി. ഇപ്പോൾ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു.അതേസമയം,  ഡിസംബര്‍ 16 വരെ നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.