ജില്ലാ ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കല്‍ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 157 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) നേടിയെടുക്കാനായി. 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്., ലക്ഷ്യ അംഗീകാരങ്ങള്‍ നേടിയെടുക്കാനാണ് പരിശ്രമിക്കുന്നത്. ഓരോ ആശുപത്രിയുടേയും നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍, മാനവവിഭവ ശേഷി, സേവനങ്ങള്‍ തുടങ്ങി എന്‍.ക്യു.എ.എസ് അനുശാസിക്കുന്ന 8 പ്രധാന തലങ്ങള്‍ ഉറപ്പ് വരുത്തിയാണ് ഇത് നേടുയെടുക്കുന്നത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഇതെല്ലാം സഹായകരമാകും. ഒരു വര്‍ഷത്തിനുള്ളില്‍ ആശുപത്രികളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 29 ആശുപത്രികള്‍ (താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍) ഉള്‍പ്പെടുന്ന നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗമാണ് ചേര്‍ന്നത്. എംഎല്‍എമാര്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ എല്ലാ എംഎല്‍എമാരും പിന്തുണയറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സഹകരണം ഉറപ്പാക്കും.തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ വികസന സമിതികള്‍ എന്‍.ക്യു.എ.എസ്. ഒരു അജന്‍ഡയായി സ്വീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍, എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സിഎസ്ആര്‍ ഫണ്ട്, എന്നിവയുപയോഗിച്ച് ഓരോ ആശുപത്രിയും ഏറ്റവും മികച്ചതാക്കാന്‍ പരിശ്രമിക്കണം. ആശുപത്രികളില്‍ ഗുണനിവവാരം ഉറപ്പ് വരുത്താന്‍ ഓരോ ജില്ലയിലും ക്വാളിറ്റി ടീമിനെ ശക്തിപ്പെടുത്തണം. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്.എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന ആശുപത്രികള്‍ക്ക് സാമ്പത്തികവും അല്ലാത്തതുമായ നേട്ടങ്ങളുണ്ട്. പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് ഏറെ സഹായിക്കും.