ഞെട്ടൽ മാറാതെ നാട്; പ്രണയവിവാഹം, മകളുടെ ജീവിതത്തി‍ൽ പിന്നീടു സംഭവിച്ചതെന്തെന്നറിയാതെ അശോകൻ

  പ്രണയവിവാഹിതയായ മകളുടെ ജീവിതത്തി‍ൽ പിന്നീടു സംഭവിച്ചതെന്തെന്നറിയാതെ പകച്ചിരിക്കുകയാണ് കുലശേഖരമംഗലം ആറാക്കൽ അശോകൻ. ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റെ പിതാവാണ് അശോകൻ. മകളും പേരക്കുട്ടികളും നഷ്ടപ്പെട്ടതിന്റെ വേദനയിൽ വിങ്ങുകയാണ് ഈ കുടുംബം.
പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം സൗദിയിൽ അഞ്ജു ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷമാണു യുകെയിലേക്കു പോയത്. കുട്ടികളുടെ വീസ ശരിയാകാൻ വൈകിയതിനാൽ മക്കളെ ആദ്യം കൊണ്ടു പോയില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ജൂൺ‌ 10നു കുലശേഖരമംഗലത്തെ വീട്ടിലെത്തി. 18നു കുട്ടികളെയും കൂട്ടി മടങ്ങി.
സെപ്റ്റംബറിൽ കുട്ടികളുടെ സ്കൂൾ പഠനവും ആരംഭിച്ചു. ജീവ ഒന്നാം ക്ലാസിലും ജാൻവി യുകെജിയിലുമായിരുന്നു. സാജു അവിടെ ജോലി അന്വേഷിച്ചു വരികയായിരുന്നു.
അശോകന്റെ മൂത്ത മകളാണ് അഞ്ജു.കഴിഞ്ഞ ദിവസം അഞ്ജു ബ്രിട്ടനിലെ ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്നു ബന്ധുക്കൾ മലയാളി സമാജവുമായി ബന്ധപ്പെട്ടു. സമാജം പ്രവർത്തകർ ഇവർ താമസിക്കുന്ന കെറ്ററിങ് എന്ന സ്ഥലത്തെത്തി.
വീടു പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ കുത്തിത്തുറന്നു നോക്കിയപ്പോൾ അഞ്ജുവിനെയും മക്കളെയും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. അഞ്ജു മരിച്ചിരുന്നു. കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലണ്ടനിൽ നിന്നു 130 കിലോമീറ്ററോളം അകലെയാണ് കെറ്ററിങ്.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. സൗദിയിൽ വച്ച് സാജു പല തവണ മർദ്ദിച്ചുവെന്ന് അഞ്ജു പറഞ്ഞിരുന്നതായി പിതാവ് അശോകൻ പറഞ്ഞു.