ഫോർട്ട്കൊച്ചി ഇന്ന് രാത്രി ഉറങ്ങില്ല. പുതുവത്സരത്തെ വരവേൽക്കാനുള്ള ആഘോഷം വൈകിട്ട് മുതൽ ആരംഭിക്കും. നഗരത്തിലെ ഹോട്ടലുകളിലും മൈതാനങ്ങളിലും ആഘോഷം പൊടിപാറുമ്പോൾ തെരുവുകളിലാണു ഫോർട്ട്കൊച്ചിയിലെ ആഘോഷം . ഒരു മാസമായി കാർണിവലിന്റെ ആവേശത്തിലാണു പൈതൃക നഗരം.പ്രധാന വീഥിയായ കെ.ബി.ജേക്കബ് റോഡും മറ്റു പൈതൃക വഴികളും തോരണങ്ങളാലും വർണ്ണ ബൾബുകളാലും അലംകൃതമാണ്. പൈതൃക നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വെളി മൈതാനിയിലെ കൂറ്റൻ മഴമരം സന്ദർശകർക്കു സെൽഫി എടുക്കാൻ പാകത്തിൽ തിളങ്ങി നിൽക്കുന്നു. ആയിരക്കണക്കിനു വൈദ്യുത വിളക്കുകളുടെയും നക്ഷത്രങ്ങളുടെയും പ്രകാശത്തിൽ മഴമരത്തിന് ഇക്കുറി ഗമയൊന്നു വേറെ.വാസ്കോഡ ഗാമ സ്ക്വയറിൽ 65 കൊടി മരങ്ങളിൽ കാർണിവലിനോടു സഹകരിക്കുന്ന സംഘടനകളുടെ പതാകകൾ പാറിക്കളിക്കുന്നു. സംഘടനകളുടെ പങ്കാളിത്തം ഓരോ വർഷം കൂടുന്നതു തന്നെ കാർണിവലിന്റെ ജനകീയതയ്ക്കു തെളിവാണ്. മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും താമസിക്കുന്ന വിവിധ ഭാഷാ സമൂഹങ്ങളും ഇപ്രാവശ്യം കാർണിവൽ ആഘോഷത്തിൽ പങ്കാളികളാണ്.
കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണു കൊച്ചിയിലെ ആഘോഷം. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അടക്കം കൊച്ചിയിലെ വീടുകളിലേക്ക് ഒത്തുചേരലിനായി ഡിസംബറിൽ എത്തുന്നു.അധിനിവേശത്തിന്റെ ഓർമ്മകൾ ഇന്നും മായാതെ നിൽക്കുന്ന കൊച്ചിക്കു പുതുവർഷ പിറവി ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. പതിനായിരങ്ങളാണു പുതുവർഷത്തെ വരവേൽക്കാനും പുതുവത്സര ദിനത്തിലെ വർണാഭമായ കാർണിവൽ റാലി കാണാനും ഫോർട്ട്കൊച്ചിയിലേക്ക് ഒഴുകി എത്തുന്നത്.
1984ൽ ഐക്യരാഷ്ട്ര സഭ ലോക യുവജന വർഷം പ്രഖ്യാപിച്ചപ്പോൾ സമാധാനം, പങ്കാളിത്തം, വികസനം, പരിസ്ഥിതി, സാഹസം എന്നീ അഞ്ച് മുദ്രാവാക്യങ്ങളോടെയാണു കാർണിവൽ ആഘോഷത്തിനു തുടക്കം കുറിച്ചത്. അതിനു മുൻപു പുതുവത്സര ദിനത്തിൽ എല്ലാ ദിക്കുകളിൽ നിന്നും ജനം ബീച്ചിലേക്ക് എത്തുമായിരുന്നു. നാടിന്റെ പല ഭാഗങ്ങളിലും പ്രച്ഛന്നവേഷ റാലികളും മറ്റു പരിപാടികളും ഉണ്ടാകും. കുടുംബമായി റോഡിലേക്ക് ഇറങ്ങുന്ന ജനം അതെല്ലാം കണ്ട് അവസാനം ഒത്തുചേരുന്നതു വിശാലമായ ബീച്ചിൽ ആയിരുന്നു. ഈ ആഘോഷങ്ങളെല്ലാം ഒരു കുടക്കീഴിലേക്കു മാറ്റിയാലോ എന്ന ചിന്തയിൽ നിന്ന് ഉയർന്നതാണ് ഇന്നത്തെ കാർണിവൽ.
ബീച്ച് ഫെസ്റ്റിവൽ എന്ന പേരിലായിരുന്നു തുടക്കം. അന്നു ഡപ്യൂട്ടി മേയർ ആയിരുന്ന കെ.ജെ.സോഹൻ ചെയർമാനും ആർഡിഒ ആയിരുന്ന കെ.ബി.വത്സലകുമാരി വൈസ് ചെയർമാനും ഫെലിക്സ് ആനന്ദ് ജനറൽ സെക്രട്ടറിയും ആയ കമ്മിറ്റിയാണ് ആദ്യ ബീച്ച് ഫെസ്റ്റിവലിന്റെ ഭാരവാഹികൾ. പലയിടങ്ങളിലായി നടന്നിരുന്ന 5 പ്രച്ഛന്നവേഷ റാലികൾ ഒരുമിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ഓരോ വർഷവും ജനപങ്കാളിത്തം കൂടി വന്നു.2 വർഷം കഴിഞ്ഞാണു സമാധാന സന്ദേശവുമായി യുദ്ധസ്മാരകത്തിനു മുന്നിലെ ചടങ്ങുകൾ ആരംഭിച്ചത്. രാജ്യത്തിനായി ജീവൻ ത്യജിച്ച വീര സൈനികരുടെ ഓർമ്മകൾക്കു മുന്നിൽ ആദരവ് അർപ്പിക്കുകയും സെന്റ് ഫ്രാൻസിസ് പള്ളി അങ്കണത്തിലെ യുദ്ധസ്മാരകത്തിനു മുന്നിൽ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ചടങ്ങോടെയാണ് കാർണിവൽ ആഘോഷം ആരംഭിക്കുന്നത്. പിന്നീടു പുതുവത്സര ദിനം വരെ കലയുടെയും കായിക മാമാങ്കങ്ങളുടെയും ഒത്തുചേരൽ.