'മെസി ദൈവമൊന്നുമല്ല'; പ്രീ ക്വാര്‍ട്ടറിന് മുമ്പ് വെല്ലുവിളിയുമായി ഓസ്‌ട്രേലിയന്‍ താരം, വിടാതെ കോച്ചും

ദോഹ: ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. രാത്രി 8.30ന് നെതര്‍ലന്‍ഡ്‌സ്- യുഎസ്എ മത്സരമാണ് ആദ്യത്തേത്. രാത്രി 12.30ന് ലിയോണല്‍ മെസിയും സംഘവും ഇറങ്ങുന്നുണ്ട്. ഓസ്‌ട്രേലിയയാണ്, അര്‍ജന്റീനയുടെ എതിരാളി. ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് അര്‍ജന്റീനയെത്തുന്നത്. ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ടെങ്കിലും തുര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ യഥാക്രമം മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് അര്‍ജന്റീനയെത്തുന്നത്. ഓസ്‌ട്രേലിയ ഫ്രാന്‍സിനോട് തോറ്റു. എന്നാല്‍ ടൂണീഷ്യ, ഡെന്‍മാര്‍ക്ക് ടീമുകളെ തോല്‍പ്പിക്കാനായി. അര്‍ജന്റീനക്കെതിരായ മത്സത്തിന് മുമ്പ് വാക്‌പോരിന് തിരികൊളുത്തിയിരിക്കുകയാണ് ഓസ്‌ട്രേലയിന്‍ കോച്ച് ഗ്രഹാം അര്‍നോള്‍ഡ്. അര്‍ജന്റീനയെ പേടിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ''ഒളിംപിക്‌സില്‍ താന്‍ പരിശീലിപ്പിച്ച ഓസീസ് ടീം അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. നോക്കൗട്ട് റൗണ്ടിലേക്കുള്ള അവരുടെ വഴി മുടക്കിയത് ഞങ്ങളായിരുന്നു. ആ ജയം ഖലീഫ സ്റ്റേഡിയത്തിലും ആവര്‍ത്തിക്കാനാണ് ശ്രമം. ടീം ആത്മവിശ്വാസത്തിലാണ്. അര്‍ജന്റീനയുടെ പാരമ്പര്യമോ, മെസിയടക്കമുള്ള താരങ്ങളുടെ സാന്നിധ്യമോ തന്റെ ടീമിന് പ്രശ്‌നമല്ല. ഒരു പേടിയും കൂടാതെയാണ് ടീം കളിക്കുക.'' അര്‍നോള്‍ഡ് വ്യക്തമാക്കി.അതേസമയം, കോച്ചിന്റെ പ്രസ്താവന ഏറ്റുപിടിച്ച് ഓസ്‌ട്രേലിയന്‍ താരം മിലോസ് ഡെഗ്‌നക്കും രംഗത്തെത്തി. മെസി ദൈവമൊന്നുമല്ലെന്നാണ് മിലോസ് പറയുന്നത്. ''കളിക്കളത്തില്‍ ദൈവമില്ല. ഇരുപത്തിരണ്ട് താരങ്ങളുടെ പോരാട്ടമാണ് നടക്കുന്നത്.'' ഡെഗ്നക്ക് വ്യക്തമാക്കി. മെസിയുടെ ഫോം തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. സൗദിക്കെതിരെ തീര്‍ത്തും നിറം മങ്ങിയ ടീം മെക്‌സിക്കോയ്‌ക്കെതിരെ പുരോഗതി കാണിച്ചു. അന്ന് മെസിയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്. പോളണ്ടിനെതിരെ കളിച്ചപ്പോള്‍ അര്‍ജന്റീന മറ്റൊരു ടീം തന്നെയായി മാറി. അത്തരമൊരു പ്രകടനം തന്നെയാണ് ഓസ്‌ട്രേലിയക്കെതിരേയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.നാല് ദിവസങ്ങളിലായിട്ടാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുന്നത്. ഫ്രാന്‍സ് നാളെ രാത്രി 8.30ന് പോളണ്ടിനെയും ഇംഗ്ലണ്ട് രാത്രി 12.30ന് സെനഗലിനെയും നേരിടും. ജപ്പാന്‍ തിങ്കളാഴ്ച രാത്രി 8.30ന് ക്രൊയേഷ്യക്കെതിരെ കളിക്കും. ബ്രസീല്‍ രാത്രി 12.30ന് സൗത്ത് കൊറിയയെ നേരിടും. ചൊവ്വാഴ്ച സ്‌പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിസര്‍ലന്‍ഡിനെയും നേരിടുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിയും.