ജില്ലാ കേരളോത്സവം സമാപിച്ചു, നെടുമങ്ങാട് ബ്ലോക്ക് ചാമ്പ്യന്മാർ

നാലുനാൾ മലയിൻകീഴിനെ ആഘോഷത്തിമിർപ്പിലാക്കിയ ജില്ലാ കേരളോത്സവത്തിന് കൊടിയിറങ്ങി . സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കാനുതകുന്ന വിധത്തിൽ വരും വർഷങ്ങളിൽ കേരളോത്സവത്തിൽ സമൂലമായമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐ. ബി.സതീഷ് എം. എൽ.എ അധ്യക്ഷനായി. 282 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് ചാമ്പ്യൻമാരായി.

നേമം ബ്ലോക്ക്‌ ഓഫീസിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർഥികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്രാ വിഭാഗത്തിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മലയിൻകീഴ് ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. 

മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. ജില്ലയിലെ 11 ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാ- കായിക പ്രതിഭകളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരച്ചത്.