തുടക്കമിട്ട് മെസി, പിന്നാലെ ഡി മരിയ
10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ മുതലാക്കാനായില്ല. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി.
ഹാഫ്ടൈമിന് മുമ്പേ മാറ്റം
ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി കുതിച്ചു അര്‍ജന്‍റീന.
49-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ ഡീപോളിന്‍റെ വോളി ലോറിസിന്‍റെ കൈകളില്‍ അവസാനിച്ചു. ആദ്യപകുതിയി നിര്‍ത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അര്‍ജന്‍റീനയെയാണ് രണ്ടാംപകുതിയുടെ ആദ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓര്‍മ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു താരം. 71-ാം മിനുറ്റില്‍ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. ഒരു മിനുറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗില്‍ ഫ്രാന്‍സ് ഒപ്പമെത്തി. മത്സരം 2-2ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. ഏഞ്ചല്‍ ഡി മരിയ, ഡീപോള്‍, ആല്‍വാരസ് എന്നിവരെ സബ് ചെയ്ത സ്‌കലോണിയന്‍ തന്ത്രങ്ങള്‍ പാളി. അതേസമയം കാമവിംഗയടക്കമുള്ള യുവരക്തങ്ങള്‍ ഫ്രാന്‍സിനായി ജീവന്‍ കൊടുത്തും പോരാടി. എക്‌സ്‌ട്രാ ടൈമിന്‍റെ ആദ്യപകുതിയില്‍ ഇരു ടീമും വലകുലുക്കിയില്ല. ലൗറ്റാരോ മാര്‍ട്ടിനസിന് ലഭിച്ചൊരു സുവര്‍ണാവസരം പാഴായി. എന്നാല്‍ 109-ാം മിനുറ്റില്‍ ലോറിസിന്‍റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്‍റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങള്‍. ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്‍റീനയ്ക്ക് 2-1ന്‍റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്‍റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്‍റെ ഷോട്ട് അര്‍ജന്‍റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.